ജോലിയെടുക്കാൻ ജീവനക്കാരില്ല : വീർപ്പുമുട്ടി തിരുവമ്പാടി കൂമ്പാറ കെഎസ്ഇബി സെക്ഷനുകൾ
1429237
Friday, June 14, 2024 5:37 AM IST
തിരുവമ്പാടി : തിരുവമ്പാടി, കൂമ്പാറ കെഎസ്ഇബി സെക്ഷനിൽ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത് ഏഴ് തസ്തികകൾ. ലൈൻമാൻ, ഓവർസിയൽ, വർക്കർ തുടങ്ങിയ തസ്തികകളിലാണ് ആളില്ലാത്തത്.
സർവീസിൽനിന്ന് വിരമിക്കുകയും സ്ഥാനക്കയറ്റം ലഭിക്കുകയും സ്ഥലം മാറിപ്പോകുകയുമൊക്കെ ചെയ്ത തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം ഇരട്ടിഭാരം കൊണ്ട് ദുരിതമനുഭവിക്കുകയാണ് ജീവനക്കാർ.
കാർഷിക മേഖലയായതിനാൽ കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞും മറ്റും കമ്പികൾതട്ടി വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുന്നത് പതിവാണ്. മറ്റു സെക്ഷനുകളിൽനിന്ന് വിഭിന്നമായി ഒട്ടേറെ വലിയ കുന്നുകളും മലകളും ഉൾപ്പെടുന്ന പ്രദേശമാണിത്.
ചുരം കണക്കെ ചെങ്കുത്തനെയുളള കക്കാടംപൊയിൽ, നായാടംപൊയിൽ, മഞ്ഞക്കടവ്, പൂവാറൻതോട് ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വൈദ്യുതി തടസങ്ങൾ നേരിട്ടാൽ എത്തേണ്ടത് ഈ ജീവനക്കാരാണ്. സ്ഥലം എംഎൽഎയുടെ സ്വന്തം വാർഡിലെ വൈദ്യുതി ഓഫീസിനാണ് ഈ ദുരവസ്ഥ.