കട കുത്തിത്തുറന്ന് മോഷണം
1425346
Monday, May 27, 2024 7:19 AM IST
നാദാപുരം: കല്ലാച്ചി കുമ്മങ്കോട്ട് കട കുത്തിത്തുറന്ന് മോഷണം. കുമ്മങ്കോട് മനോജന്റെ ഉടമസ്ഥതയിലുള്ള എൻകെ സ്റ്റോറിലാണ് മോഷണം. ശനിയാഴ്ച്ച രാത്രി ഒന്നോടെ കട പൂട്ടി മനോജൻ വീട്ടിൽ പോയി.
ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാദാപുരം പോലീസിൽ വിവരം അറിയിക്കുകയും കട തുറന്ന് നടത്തിയ പരിശോധനയിൽ കടയിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായും കണ്ടെത്തി. രണ്ടായിരത്തിൽപരം രൂപ മോഷണം പോയെങ്കിലും മറ്റ് സാധനങ്ങൾ നഷ്ടപെട്ടിട്ടില്ല.
നാദാപുരം, കല്ലാച്ചി മേഖലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മോഷണം പതിവാണ്. കഴിഞ്ഞ ബുധനാഴ്ച്ച കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ലിങ്ക് ഹോമിയോ ക്ലിനിക്കിൽ നിന്ന് 6000 രൂപ മോഷണം പോയിരുന്നു. നാദാപുരം ടൗണിലെ ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററിയും ജീപ്പിൽ നിന്ന് പണവും മോഷണം പോയിരുന്നു. പുറമേരിയിൽ കുടുംബശ്രീ ഹോട്ടലിൽ സൂക്ഷിച്ച 8000 ത്തോളം രൂപയും കവർന്നിരുന്നു. തുടർച്ചയായി രാത്രികാലങ്ങളിൽ മോഷണം നടന്നിട്ടും പോലീസ് ജാഗ്രത പുലർത്തുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.