കല്ലുത്താന്‍കടവ് ഫ്ലാറ്റിലെ സീലിംഗ് അടര്‍ന്നുവീണു
1424806
Saturday, May 25, 2024 5:38 AM IST
കോഴിക്കോട്: കല്ലുത്താന്‍കടവ് ഫ്ലാറ്റിലെ ഏഴാം നിലയില്‍ സീലിംഗ് വീണ്ടും അടര്‍ന്നുവീണു. കഴിഞ്ഞവര്‍ഷവും ഇതേസമയമാണ് സീലിംഗ് അടര്‍ന്നു വീണതും ടാങ്ക് തകര്‍ന്നതും. ഫ്ലാറ്റില്‍ കേടുപാടുകള്‍ പ്രത്യക്ഷപ്പെട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നാണ് ഫ്ലാറ്റില്‍ താമസിക്കുന്നവരുടെ പരാതി.
കഴിഞ്ഞവര്‍ഷം സീലിംഗ് അടര്‍ന്നുവീണത് അറ്റകുറ്റപ്പണി ചെയ്യാന്‍ പോലും കോര്പറേഷന് അധികാരികള്‍ മുന്നോട്ടുവന്നില്ലെന്ന് ഇവര്‍ക്ക് ആക്ഷേപമുണ്ട്. ഇതിന് പുറമേ ഏഴാം നിലയിലെ എണിപ്പടി ഭാഗത്ത് മുകളിലെ ഭാഗത്തുനിന്നും മഴവെള്ളം ഇറങ്ങി താഴെത്തട്ടിലുള്ള ഫ്ലാറ്റ് വരെ വെള്ളത്തിലാണ്. കാല് വഴുതി കുട്ടികള്‍ വീഴുന്നതായും പരാതിയുണ്ട്.
യാതൊരു തകരാറും കെട്ടിടത്തില്‍ ഇല്ലെന്നും ബലക്ഷയം ഇല്ലെന്നുമാണ് എന്‍ഐടി സംഘം കോര്പറേഷന് നല്കിയ റിപ്പോര്‍ട്ട്. കോര്പറേഷന് അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.
വിവരമറിഞ്ഞ് പ്രതിപക്ഷ നേതാവ് കെ. സി ശോഭിത, ഉപനേതാവ് കെ. മൊയ്തീന് കോയ, എസ്.കെ അബൂബക്കര്‍ എന്നിവര്‍ക്ക് പുറമേ മാങ്കാവ് മണ്ഡലം മഹിള കോണ്‍ഗ്രസ് നേതാക്കളായ വിനീത, കോമളം എന്നിവരും ഫ്ളാറ്റില്‍ എത്തി അധികൃതരുമായി ചര്‍ച്ച നടത്തി.