കടലില്‍ കുടുങ്ങിയ വള്ളത്തിൽനിന്ന് അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
1424805
Saturday, May 25, 2024 5:38 AM IST
കോഴിക്കോട്: എന്ജിന് നിലച്ച് വൈകുന്നേരം കടലില്‍ കുടുങ്ങിയ ഇൻബോര്‍ഡ് വളളത്തിലെ അഞ്ച് മത്സ്യത്തൊഴിലാളികളെ ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി.
പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ പുതിയാപ്പ സ്വദേശി കനകരാജിന്റെ ഉടമസ്ഥതയിലുള്ള ശിവപുത്രി എന്ന ഇൻബോര്‍ഡ് വള്ളത്തിന്റെ എന്ജിന് തകരാർ സംഭവിച്ചാണ് പുതിയാപ്പ ഹാര്‍ബറില്‍നിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയത്.
ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിംഗ് രക്ഷാ പ്രവര്‍ത്തനം നടത്തി മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഫിഷറി ഗാര്‍ഡ് ശ്രീരാജ്, റെസ്ക്യു ഗാര്‍ഡ് ഹമിലേഷ്, മിഥുന് എന്നിവർ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.