റോഡുകളുടെ ശോചനീയാവസ്ഥ: ജലജീവൻ മിഷൻ അധികൃതരെ ഓമശേരിയിൽ പൂട്ടിയിട്ടു
1424398
Thursday, May 23, 2024 5:35 AM IST
താമരശേരി: ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ റീ സ്റ്റോർ ചെയ്യാതെ വാട്ടർ അഥോറിറ്റിയും കരാർ കമ്പനിയും തുടരുന്ന നിസംഗതയിൽ പ്രതിഷേധിച്ച് ഓമശേരിയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാട്ടർ അഥോറിറ്റിയുടെയും കരാർ കമ്പനിയുടെയും പ്രതിനിധികളെ പഞ്ചായത്ത് ഹാളിൽ പൂട്ടിയിട്ടു.
റോഡുകളുടെ ദുരവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഡോ.എം.കെ. മുനീർ എംഎൽഎ കഴിഞ്ഞ ദിവസം താമരശേരിയിൽ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനപ്രകാരം ഓമശേരിയിൽ ജനപ്രതിനിധികളുമായി ചർച്ചക്കെത്തിയതായിരുന്നു അധികൃതർ.
ചർച്ചയിൽ പ്രശ്ന പരിഹാരം ഉരുത്തിരിയാതെ വന്നപ്പോൾ ഭരണസമിതിയംഗങ്ങൾ പ്രതിഷേധിക്കുകയും മുദ്രാവാക്യം മുഴക്കി ഹാളിൽ നിന്ന് ഇറങ്ങിപ്പോവുകയും അധികൃതരെ പൂട്ടിയിടുകയുമായിരുന്നു. കൊടുവള്ളി പോലീസ് സബ് ഇൻസ്പെക്ടർ ജിയോ സദാനന്ദന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ഭരണസമിതിയംഗങ്ങൾ അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചത്.
31നകം റീ സ്റ്റോർ ചെയ്യാനുള്ള കോൺക്രീറ്റ് റോഡുകൾ റീസ്റ്റോർ ചെയ്യുമെന്നും വെട്ടിപ്പൊളിച്ച ടാറിട്ട റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നുമാണ് തീരുമാനം. അധികൃതർ തീരുമാനം രേഖാമൂലം എഴുതി ഒപ്പിട്ട് പഞ്ചായത്ത് ഭരണസമിതിക്ക് സമർപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ, വൈസ് പ്രസിഡന്റ് ഫാത്വിമ അബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.