വനിത ജനപ്രതിനിധിക്ക് നേരേ സിപിഎം നേതാവിന്റെ തെറിയഭിഷേകം
1422474
Tuesday, May 14, 2024 6:41 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനിടെ യുഡിഎഫ് വനിത ജനപ്രതിനിധിക്ക് നേരേ സിപിഎം നേതാവിന്റെ തെറിയഭിഷേകവും ഇടത് പ്രവർത്തകരുടെ കൈയ്യേറ്റവും.
കേരള ബാങ്ക് ഡയറക്ടറും സിപിഎം മുൻ ജില്ല കമ്മിറ്റി അംഗം ഇ. രമേശ് ബാബുവിനെതിരേയാണ് പരാതി. ഇ. രമേശ് ബാബു സംസാരിക്കുന്നതിനിടെ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് പ്രധാന ഗേറ്റിലൂടെ പഞ്ചായത്തോഫീസിലേക്ക് കയറാൻ ശ്രമിച്ചത് സമരക്കാരെ പ്രകോപിപ്പിക്കുകയായിരുന്നു.
ഇതു വഴി അകത്തേക്ക് കടക്കാൻ പറ്റില്ലെന്ന് രമേശ് ബാബു മൈക്കിലൂടെ പറയുകയും തുടർന്ന് ഗേറ്റിന് സമീപമെത്തി അവരെ തടയുകയുമായിരുന്നു. ഇതോടെ പ്രവർത്തകരും പഞ്ചായത്തംഗവും തമ്മിൽ വാക്ക് തർക്കമാവുകയും ഈ സമയം ഇ. രമേശ് ബാബു കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തുകയുമായിരുന്നു എന്ന് ആയിഷ പറഞ്ഞു.
സംഭവത്തിൽ ഇടത് മുന്നണി പ്രവർത്തകരായ കബീർ പരപ്പിൽ, നാസർ കൊളായി, സി.ടി.സി. അബ്ദുല്ല, കരീം കൊടിയത്തൂർ, വി.വി. നൗഷാദ്, എന്നിവർക്കെതിരേയും മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേ സമയം ഇ. രമേശ് ബാബു സംസാരിക്കുന്നതിനിടെ സമരത്തെ ഗൗനിക്കാതെ ഇ. രമേശ് ബാബുവിനെ തട്ടിമാറ്റിയെന്നോണം പഞ്ചായത്തോഫീസിലേക്ക് കടക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് എൽഡിഎഫ് നേതാവ് സി.ടി.സി. അബ്ദുല്ല പറഞ്ഞു.