സ്ത്രീകളെ പരിഗണിച്ചത് കോൺഗ്രസ് പ്രകടന പത്രിക മാത്രം: ജെബി മേത്തർ എംപി
1417390
Friday, April 19, 2024 5:24 AM IST
താമരശേരി: അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയും തൊഴിലും നൽകുമെന്നതുമുൾപ്പടെയുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനം ചരിത്രപരമാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണപ്പൻകുണ്ടിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകളുടെ ആവശ്യങ്ങൾ പരിഗണിച്ചത് കോൺഗ്രസ് പ്രകടന പത്രിക മാത്രമാണ്.
വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് കഴിഞ്ഞ പത്ത് വർഷത്തെ ബിജെപി ഭരണത്തിന്റെ നേട്ടമെന്നും ജെബി മേത്തർ എംപി പറഞ്ഞു. അഷ്റഫ് ബിച്യോൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അന്നമ്മ മാത്യു, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് മങ്ങാട്, മില്ലി മോഹൻ,
അഡ്വ. ആയിഷകുട്ടി സുൽത്താൻ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്ക്, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. സുനീർ, യുഡിഎഫ് കൺവീനർ ബിജു താന്നിക്കാമുഴി, ഒതയോത്ത് അഷ്റഫ്, ബീന തങ്കച്ചൻ, ദേവസ്യ ചുള്ളാമഠം, പി.സി. നാസർ, വി.എസ്. നൗഷാദ് പ്രസംഗിച്ചു.