ഡ്രൈവര്‍മാരെ ഒരുക്കാന്‍ കോര്പറേഷന്: ഇ-ഓട്ടോകള്‍ ഷെഡില്‍ നിന്നും ഉടന്‍ പുറത്തിറങ്ങും
1417385
Friday, April 19, 2024 5:24 AM IST
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് അജൈവ മാലിന്യ ശേഖരണത്തിനായി വിതരണം ചെയ്ത ഇ-ഓട്ടോകള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാരെ ഏര്‍പ്പെടുത്താനുള്ള നടപടിയുമായി അധികൃതര്‍.
ഓട്ടോകള്‍ മൂന്നുമാസമായിട്ടും ഷെഡില്‍ തന്നെ നിര്‍ത്തുന്നതായുള്ള ആക്ഷേപത്തെ തുടര്‍ന്നാണ് എത്രയും വേഗം ഡ്രൈവര്‍മാരെ കണ്ടെത്തുന്നതിനുള്ള നടപടിയുമായി കോര്പറേഷന് രംഗത്തുവരുന്നത്.
ലൈസൻസുള്ള ഡ്രൈവർമാർക്ക് പ്രത്യേക മുൻഗണന നൽകിക്കൊണ്ട് പുതിയ ഹരിതകര്‍മസേന അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അഭിമുഖങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പട്ടിക പ്രഖ്യാപിക്കാനായില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ഹരിതകര്‍മ അംഗങ്ങളില്‍ ആര്‍ക്കും ഇ- ഓട്ടോ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലാത്തതായിരുന്നു കഴിഞ്ഞ മൂന്നുമാസമായി ഇ-ഓട്ടോ പുറത്തിറങ്ങാത്തതിനുള്ള പ്രധാന കാരണം. ടാഗോര്‍ ഹാളിലെ ഷെഡില്‍ മൂന്ന് മാസമായി വിശ്രമത്തിലാണ് ഇ-ഓട്ടോകള്‍ . 30 ഗുഡ്സ് ഇ-ഓട്ടോകളാണ് കോര്പറേഷന് ഹരിതകര്മാംഗങ്ങള്ക്ക് നല്‍കിയത്.
ഇവരില്‍ ഇ-ഓട്ടോകള്‍ ഓടിച്ചു പരിചയമുള്ളവരോ ലൈസന്‍സുള്ളവരോ ഇല്ലാത്തതാണ് ഇത് ഇതേപടി കിടക്കാന്‍ കാരണം. ഓട്ടോകൾ ഉപയോഗിക്കാതെ കിടന്നാൽ ബാറ്ററികളും ടയറുകളും കൂടുതൽ കേടാകും.
കേന്ദ്ര സര്‍ക്കാരിന്റെ നഗര സഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇ-ഓട്ടോ വിതരണം. കോര്‍പറേഷനിലെ 75 വാര്‍ഡുകളിലേക്കും ഇ-ഓട്ടോകള്‍ നല്‍കാനായിരുന്നു തീരുമാനം. അതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയ 30 ഓട്ടോകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
വെസ്റ്റ്ഹില്‍ പോളിടെക്നിക്കാണ് ഇവ നിര്‍മിച്ചത്. ഹരിതകർമ സേനാംഗങ്ങൾക്ക് ആവശ്യമായ ഡ്രൈവിംഗ് പരിശീലനത്തോടെ വാഹനങ്ങൾ കൈമാറുമെന്നായിരുന്നു വാഗ്ദാനം.