വൈദികർക്കും സന്യസ്തർക്കും ഉണർവേകി അർപ്പിതം 2024
1417141
Thursday, April 18, 2024 5:32 AM IST
കുപ്രചാരണങ്ങളെ തടയാൻ സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം: മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ
തിരുവന്പാടി: ആധുനിക കാലഘട്ടത്തിൽ സമൂഹ മാധ്യമങ്ങളുടെ മുഴുവൻ സാധ്യതകളും ഉപയോഗിച്ച് സഭയ്ക്കെതിരായ കുപ്രചാരണങ്ങളെയും അപവാദങ്ങളെയും തുറന്നു കാട്ടി വൈദികരും സന്യസ്തരും സമർപ്പിതരും മുന്നേറണമെന്ന് അദിലാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ.
തിരുവന്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ചർച്ച് പാരിഷ് ഹാളിൽ നടന്ന താമരശേരി രൂപതാ വൈദിക-സന്യസ്ത അസംബ്ലി (അർപ്പിതം 2024)യിൽ "സമർപ്പിതരും വൈദികരും പ്രതിസന്ധികളെ അതിജീവിച്ച് വചനത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകേണ്ടതെങ്ങനെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
കാലഘട്ടത്തിന്റെ അടയാളങ്ങൾ നാം തിരിച്ചറിയണം. കത്തോലിക്കാ സഭയെ താറടിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. അതിനു പിന്നിൽ വ്യക്തമായ അജണ്ടകളുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ക്രിസ്തു മതത്തെയും സമർപ്പിതരെയും വൈദികരെയും അവഹേളിച്ചു കൊണ്ടിരിക്കുകയാണ്.
ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തു മതത്തെക്കുറിച്ചും തെറ്റിദ്ധാരണജനകമായ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതു കണ്ടില്ലെന്നു നടിക്കരുത്. ഇതിനു മറുപടി പറയാൻ സമൂഹ മാധ്യമങ്ങൾ തന്നെ ഉപയോഗപ്പെടുത്തണം.
യഥാർഥ വസ്തുത ജനത്തെ അറിയിച്ചാൽ മാത്രമേ ആധുനിക കാലഘട്ടത്തിൽ സഭയ്ക്ക് മുന്നേറുവാൻ സാധിക്കുകയുള്ളു. സമൂഹ മാധ്യമങ്ങളെ സുവിശേഷ പ്രഘോഷണത്തിനും സഭയുടെ നിലപാടുകൾ അറിയിക്കാനും പ്രയോജനപ്പെടുത്തണം. രാപകലില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ സംവദിച്ച് സത്യങ്ങൾ പുറത്തുകൊണ്ടുവരണം.
സമർപ്പിതരെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്പോൾ അവർ യഥാർഥ വസ്തുത സമൂഹ മാധ്യമങ്ങളിലൂടെ ഉറക്കെ വിളിച്ചു പറയണം. പ്രേഷിത പ്രവർത്തനമാണ് സഭയുടെ ജീവാത്മാവ്. പ്രേഷിത പ്രവർത്തനം ശക്തിപ്പെടുത്തണം.
സമർപ്പിത ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ വൈദികർക്കും സന്യസ്തർക്കുമാകണം. യേശുവിനെ കണ്ടെത്താനാണ് സമർപ്പിതരും വൈദികരും ജീവിതം ഉപേക്ഷിക്കുന്നത്. നഷ്ടപ്പെടുത്തിയതിനേക്കാൾ വലുത് യേശുവിൽ കണ്ടെത്തേണ്ടവരാണ് സമർപ്പിതരെന്നും മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പറഞ്ഞു.
യേശുവിനോടു ചേർന്നു നിന്നുള്ള പ്രേഷിത പ്രവർത്തനത്തിന് അമൂല്യമായ ചൈതന്യമുണ്ടെന്ന് ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയ താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ധാരാളം ഉണ്ടാവും.
എന്നാൽ അതിനെ നാം സമീപിക്കുന്ന, കൈകാര്യം ചെയ്യുന്ന രീതിയാണ് പ്രധാനം. എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ച് മുന്നേറണം. അതുവഴി സഭയെ ശക്തിപ്പെടുത്തി മുന്നേറണമെന്നും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ബോധിപ്പിച്ചു.
വിദേശരാജ്യങ്ങളിലേക്കുള്ള യുവജനങ്ങളുടെ കുടിയേറ്റം, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും ചൂണ്ടിക്കാട്ടിയ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൂട്ടായ്മയോടെ ഒരുമിച്ചുനിന്നു പ്രവർത്തിച്ചാൽ പ്രശ്നങ്ങളെ തരണം ചെയ്യാൻ കഴിയുമെന്നു ചൂണ്ടിക്കാട്ടി.
വൈദികരും സന്യസ്തരുമായുള്ള സംവാദത്തിന് ഫാ. കുര്യൻ പുരമഠം നേതൃത്വം നൽകി. ഫാ. ജയിംസ് കിളിയനാനിക്കൽ രചിച്ച രണ്ട് ആധ്യാത്മീക പുസ്തകങ്ങളുടെ പ്രകാശനം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, എംഎസ്എംഐ സുപ്പീരിയർ ജനറാൾ സിസ്റ്റർ എൽസി വടക്കേമുറി എന്നിവർ പുസ്തകം ഏറ്റുവാങ്ങി.
രൂപത വികാരി ജനറാൾ മോണ്. ഏബ്രഹാം വയലിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്വീനർ ഫാ. തോമസ് ചിലന്പിക്കുന്നേൽ നന്ദി പറഞ്ഞു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. കുര്യാക്കോസ് തയ്യിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
വിശ്വാസത്തിന്റെ പേരിൽ ഒറ്റപ്പെടുത്തിയാലും വിഷമമില്ല: നടൻ സിജോയ് വർഗീസ്
തിരുവന്പാടി: സുവിശേഷം പ്രഘോഷിക്കുന്നതു കൊണ്ട് തന്നെ ഒറ്റപ്പെടുത്തിയാലോ തനിക്കു സിനിമകൾ നിഷേധിച്ചാലോ യാതൊരു വിഷമവുമില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ക്രിസ്തുവാണെന്നും ഉറക്കെ പ്രഖ്യാപിച്ച് പ്രശസ്ത സിനിമാ നടനും പരസ്യകലാ സംവിധായകനുമായ സിജോയ് വർഗീസ്. താമരശേരി രൂപതാ വൈദിക -സന്യസ്ത അസംബ്ലിയിലാണ് അദേഹം തന്റെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചത്.
ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷ മുഹൂർത്തം 900ത്തോളം വൈദികരും സന്യസ്തരും പങ്കെടുത്ത അസംബ്ളിയിൽ പങ്കെടുക്കാനായതാണെന്നും അദേഹം പറഞ്ഞു. എന്തു വലിയ പ്രശ്നങ്ങളുണ്ടായാലും മാതാവ് നമ്മളെ കൈവിടില്ല. സാധ്യമായ സ്ഥലങ്ങളിലെല്ലാം ജപമാല കൂട്ടായ്മകൾ ഉണ്ടാവണം.
ജപമാലയുടെ ശക്തി വളരെ വലുതാണ്. ദൈവരാജ്യമാണ് ഏറ്റവും വലിയ ജനാധിപത്യ സർക്കാർ. അവിടെ ശിക്ഷിക്കുന്ന ദൈവമല്ല, മറിച്ച് ക്ഷമിക്കുന്ന ദൈവമാണ്. മറ്റുള്ളവരുടെ മാനസാന്തരത്തിന് പ്രാർഥനയാണ് ഏറ്റവും വലിയ മാർഗമെന്നു ചൂണ്ടിക്കാട്ടിയ സിജോയ് വർഗീസ് തന്റെ വിശ്വാസ ജീവിതം വൈദികരും സമർപ്പിതരുമായി പങ്കുവച്ചു.