ഇഡിയുടെ ഭീഷണി ഞങ്ങളോടു വേണ്ട: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1416917
Wednesday, April 17, 2024 5:14 AM IST
കോഴിക്കോട്: ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോണ്ഗ്രസ് മാറിയെന്നും എന്നാൽ ഇഡിയെ കണ്ടാൽ പേടിക്കാത്തവരാണ് ഇടതുപക്ഷമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 8000 കോടി ബിജെപിക്ക് പിരിച്ചു കൊടുക്കുന്ന ദല്ലാൾ പണിയാണ് ഇഡി എടുത്തത്.
പല കോർപറേറ്റ് കന്പനികളെയും ആദ്യം ഇഡി പോയി കണ്ടു, കേസെടുത്തു. പിന്നീട് കന്പനികൾ ബിജെപി നേതാക്കളുടെ കാൽക്കൽ സാഷ്ടാംഗം വീണ് ബോണ്ട് എടുത്തു. അപ്പോൾ ഇഡി കേസ് ആവിയായി. ഇങ്ങനെ ആളെ കത്തി കാട്ടി പേടിപ്പിച്ച് പണം തട്ടുന്ന പണിയാണ് ഒരു സർക്കാർ സ്ഥാപനം എടുക്കുന്നത്.
ആ ഇഡിയെ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ഭീഷണിപ്പെടുത്താൻ വേണ്ടി അഴിച്ചു വിട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ചില ഭീഷണികൾ പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞദിവസം കേരളത്തിൽ വന്ന് മുഴക്കി.
എന്നാൽ നിങ്ങൾ പേടിപ്പിച്ചാൽ ഇളകിപ്പോകുന്നവരല്ല കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും ഇടതുപക്ഷ സർക്കാരും എന്ന് മോഡിയും കൂട്ടരും മനസിലാക്കണം. ആ ഭീഷണി കോണ്ഗ്രസുകാരോട് മതി. ഞങ്ങളോട് വേണ്ട. അതിലൊന്നും ഭയപ്പെടുന്നവർ അല്ല ഞങ്ങൾ-മുഹമ്മദ് റിയാസ് പറഞ്ഞു.