തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ രണ്ട് ആർഎംപി പ്രവർത്തകർക്ക് നേരെ ആക്രമണം
1416677
Tuesday, April 16, 2024 6:09 AM IST
വടകര: അഴിയൂർ ചിറയിൽ പീടികയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിനിടയിൽ രണ്ട് ആർഎംപി പ്രവർത്തകർക്ക് നേരെ ആക്രമണം. റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം ചിറയിൽ പീടിക പെരുമുണ്ട വയലിൽ റോഷിന് (30), മേഖലാ കമ്മിറ്റി അംഗം പെരുമുണ്ട വയലിൽ രതുന്‍ (29) എന്നിവര്‍ക്കാണ് ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ വടകര സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എട്ട് സിപിഎം പ്രവർത്തകർക്കെതിരേ ചോമ്പാല പോലീസ് കേസ് എടുത്തു. ഇടിക്കട്ടയും ഇരുമ്പ് ദണ്ഡുകളുമായി സംഘടിതമായി എത്തിയ സിപിഎം സംഘം ആക്രമിക്കുകയായിരുന്നുവെന്ന് റവല്യൂഷണറി യൂത്ത് നേതൃത്വം പറഞ്ഞു. പരിക്കേറ്റ പ്രവർത്തകരെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ ആശുപത്രിയിൽ സന്ദർശിച്ചു.