വേനൽ മഴയും കാറ്റും; മലയോരത്ത് വൻ നാശം
1416361
Sunday, April 14, 2024 5:35 AM IST
മുക്കം: ഇന്നലെ വൈകുന്നേരം പെയ്ത വേനൽ മഴയിലും കാറ്റിലും വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണ് വീട്ടമ്മക്ക് പരിക്ക്. മുക്കം അഗസ്ത്യൻമുഴി സ്വദേശി ഇരിക്കാലിക്കൽ ചന്തുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരിക്കേറ്റത്.
തെങ്ങ് വീടിന് മുകളിൽ വീണതിനെ തുടർന്ന് ഓടുപൊട്ടി തലയിൽ വീഴുകയായിരുന്നു. പരിക്കേറ്റ തങ്കത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. മുക്കം അഗസ്ത്യൻമുഴി തടപ്പറമ്പിൽ സുധാകരന്റെ വീടിന്റെ മുകളിലും ഇലക്ട്രിക് ലൈനിന്റെ മുകളിലും മരം വീണ് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
മുക്കം ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി. തടപ്പറമ്പിൽ ഗീതയുടെ പറമ്പിലെ പ്ലാവും കടപുഴകി വീണു. കാറ്റിലും മഴയിലും അഗസ്ത്യൻ മുഴി നടുത്തൊടികയിൽ ജയപ്രകാശന്റെ വീടിന് മുകളിലും മരം വീണ് വീടിന്റെ അടുക്കളയുടെ മേൽക്കൂരക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.