വിഷു കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പാഘോഷം : ഇനി കളിമാറും
1416359
Sunday, April 14, 2024 5:35 AM IST
കോഴിക്കോട്: പെരുന്നാള്‍ കഴിഞ്ഞു.. ഇന്ന് വിഷു. ഇതുകൂടി കഴിഞ്ഞാല്‍ ആഘോഷം കഴിഞ്ഞു എന്നു കരുതാന്‍ വരട്ടെ... വരാന്‍ പോകുന്നത് ഇനി തെരഞ്ഞെടുപ്പ് ആഘോഷങ്ങളാണ്. പ്രചാരണം ക്ലൈമാക്സിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് കൊട്ടികലാശത്തിന് ബാക്കിയുള്ളത്.
മുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിനായി കൂടുതൽ ദേശീയ നേതാക്കൾ അടുത്ത ദിവസങ്ങളിലായി ജില്ലയിലെത്തും. പിന്നെ ആവേശം കൊട്ടിക്കയറും. പൊതുപരിപാടികളും കൺവൻഷനും അടുത്ത രണ്ടാഴ്ചകളിൽ കൂടുതൽ കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കുന്നുണ്ട്. വിഷു ആഘോഷങ്ങൾ കഴിഞ്ഞാൽ ജില്ലയിൽ യുഡിഎഫ് പ്രചാരണം പൊടിപാറുമെന്നുറപ്പായി.
രാഹുൽ ഗാന്ധി, ഡി.കെ.ശിവകുമാർ തുടങ്ങിയ നേതാക്കൾ ജില്ലയിൽ എത്തുന്നതു സംബന്ധിച്ച് തീരുമാനമായി. രാഹുൽ ഗാന്ധി 15ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് പ്രസംഗിക്കും. 16ന് ഡി.കെ.ശിവകുമാർ പങ്കെടുക്കുന്ന പ്രചാരണയോഗം കൊടുവള്ളിയിലാണ്.
19ന് രമേശ് ചെന്നിത്തല ജില്ലയിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. ഇടതു മുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ദേശീയ നേതൃനിര എത്തുന്നുണ്ട്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, വൃന്ദ കാരാട്ട്, എം.എ.ബേബി, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി തപൻ സെൻ, സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി.രാജ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. 17നു കോഴിക്കോട്ടും വടകരയിലും സീതാറാം യെച്ചൂരി പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 19ന് കോഴിക്കോട്ട് എത്തും. കാക്കൂർ, കൊടുവള്ളി, ചെറുവണ്ണൂർ എന്നിവിടങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും. കെ.ക.ശൈലജയ്ക്കായി 20ന് വടകരയിൽ തെരഞ്ഞെടുപ്പ് കൺവൻഷനിൽ എത്തും. തപൻസെൻ 16 മുതൽ 18 വരെ വിവിധ തൊഴിലാളി സംഗമങ്ങളിലും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും പങ്കെടുക്കും.
വൃന്ദ കാരാട്ട് 16നു മൂന്ന് കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. എം.എ.ബേബി 15നും തപൻ സെൻ 19നും പ്രകാശ് കാരാട്ട് 21നും വിവിധ പരിപാടികളിൽ പങ്കെടുക്കും. ഒന്നാം റൗണ്ട് പ്രചാരണ പരിപാടികൾ പൂർത്തിയാക്കിയ എൻഡിഎയുടെ ഇനിയുള്ള കാത്തിരിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനു വേണ്ടിയാണ്.
പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ കോഴിക്കോട്ടും റോഡ് ഷോ നടത്താനുള്ള ശ്രമങ്ങളാണു നടത്തുന്നത്. ജില്ലയുടെ ഒരു ഭാഗം ഉൾപ്പെട്ട വയനാട് മണ്ഡലത്തിൽ സ്മൃതി ഇറാനി അടക്കമുള്ള നേതാക്കൾ രണ്ടാം ഘട്ട പ്രചാരണത്തിന് ഇറങ്ങുമെന്ന പ്രതീക്ഷയുമുണ്ട്.എൻഡിഎയുടെ പ്രധാന നേതാക്കളെല്ലാം തന്നെ ആദ്യ റൗണ്ട് പ്രചാരണം നടത്തി തിരിച്ചു പോയി.