പാറമ്മല്‍ ജംഗ്ഷനില്‍ അടിപ്പാത വേണം; വിഷു ദിനത്തില്‍ നിരാഹാരമെന്ന് നാട്ടുകാര്‍
1416026
Friday, April 12, 2024 7:15 AM IST
കോഴിക്കോട്: കോഴിക്കോട് ദേശീയ പാതാ ബൈപാസിലെ പാറമ്മല്‍ ജംഗ്ഷനില്‍ അടിപ്പാത വേണമെന്ന അവശ്യം പരിഗണിക്കത്തതില് പ്രതിഷേധം.
വിഷു ദിനത്തില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനായി നിരാഹാര സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. 45 മീറ്റര്‍ ആറുവരിപ്പാത വന്നതോടെ കണ്ണെത്തും ദൂരത്തുള്ള മറുകര കാണാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്. പാറമ്മല്‍ അങ്ങാടി രണ്ടായി വിഭജിക്കപ്പെട്ടു. ഇതോടെ ടൗണില്‍ ആളുവരാതായി.
സ്കൂളും റേഷന്‍ കടയും ഓട്ടോ സ്റ്റാന്‍ഡും റോഡിന് മറുവശത്തുമായി. ബൈപാസ് നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ പാറമ്മലില്‍ അടിപ്പാത വേണമെന്ന ആവശ്യവുമായി പഞ്ചായത്തും ആക്ഷന്‍ കൗണ്‍സിലും അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല.
ഇതോടെയാണ് പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചത്. വാഴയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെയും പാറമ്മല്‍ –പുതുക്കേട് അണ്ടര്‍പാസ് ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലാകും നിരാഹാരസമരം.