പാനൂർ സ്ഫോടന കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമം: കെ. സുരേന്ദ്രൻ
1415966
Friday, April 12, 2024 5:36 AM IST
താമരശേരി: പാനൂർ സ്ഫോടനത്തെ സംബന്ധിച്ച റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് കാലത്ത് വലിയ സ്ഫോടനം ലക്ഷ്യംവച്ചുള്ള ബോംബ് നിർമാണ കേസ് അന്വേഷണത്തിന് സർക്കാർ തടസമുണ്ടാക്കുന്നുവെന്നും താമരശേരിയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബോംബ് നിർമാണത്തിൽ ഉന്നതരായ സിപിഎം നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തിന് തടയിടാനാണ് ശ്രമം. ആർഎസ്എസ്- ബിജെപി നേതാക്കളെ വധിക്കാൻ തീരുമാനിച്ചാണ് ബോംബ് നിർമിച്ചത്. സിപിഎം നേതാക്കൾ പ്രതികളുടെ വീട്ടിൽ പോയത് സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി ഇടപെടണം.
ആറ്റിങ്ങലിൽ വി.മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ സിപിഎം ആക്രമണമുണ്ടായത് ഇതുമായി ബന്ധപ്പെട്ടാണോയെന്ന് സംശയിക്കണം. മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതികൾ. ബോംബ് നിർമാണം സംസ്ഥാനം മുഴുവൻ സംഘർഷമുണ്ടാക്കാൻ വേണ്ടിയാണോ? എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പാനൂർ കേസ് ഏൽപ്പിക്കണം. കണ്ണൂർ സംഘർഷം പരിചയമുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
സുൽത്താൻ ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷമാണ് സുൽത്താന്റെ ആയുധപുര എന്ന അർഥം വരുന്ന സുൽത്താൻ ബാറ്ററി അഥവ സുൽത്താൻ ബത്തേരി എന്ന പേര് വന്നത്. സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണ്. ഇതില്‍ ആര്‍ക്കാണ് എതിരഭിപ്രായമുള്ളത്. കോൺഗ്രസും സിപിഎമ്മും അധിനിവേശത്തെ പിന്തുണയ്ക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.