ക്യാപ്റ്റൻ എന്ന് വിളിപ്പിച്ച സമൂഹം കള്ളനെന്ന് വിളിക്കുന്ന സമയം വിദൂരമല്ല: മാത്യു കുഴൽനാടൻ
1415738
Thursday, April 11, 2024 5:16 AM IST
പേരാമ്പ്ര: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന മാസപ്പടിയടക്കമുള്ള കോടികളുടെ അഴിമതി കഥകൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്നും പിആർ വർക്കിൽ "ക്യാപ്റ്റൻ' എന്ന് നിർബന്ധിച്ച് വിളിപ്പിച്ച സമൂഹം പിണറായി വിജയനെ കള്ളനെന്ന് വിളിക്കുന്ന സമയം വിദൂരമല്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ.
പേരാമ്പ്ര ഉണ്ണിക്കുന്ന് മേഖല യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ധീരമായ സമര പോരാട്ടങ്ങളിലൂടെ ഇന്ത്യ രാജ്യം പടുത്തുയർത്തിയ കോൺഗ്രസ് പാർട്ടി ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ ഭരണം തിരിച്ചു പിടിക്കും.
അതിനായി വടകരയിൽ ഷാഫി പറമ്പിലിനു വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം നൽകണം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ യു.സി. ഹനീഫ അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി.
ആർഎംപിഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരനും, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് എ.പി. യൂസഫലി മടവൂരും മുഖ്യാതിഥികളായി കുടുംബ സംഗമത്തിൽ പങ്കു ചേർന്നു.
ആർ.കെ. മുനീർ, സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, മുനീർ എരവത്ത്, കെ. മധുകൃഷ്ണൻ, റസാഖ് കരിമ്പിൽ പൊയിലിൽ, വി.പി. ദുൽഖിഫിൽ, കെ.സി. രവീന്ദ്രൻ, പി.എസ്. സുനിൽകുമാർ, ബൈജു ആയടത്തിൽ, വി.കെ. നിസാർ എന്നിവർ പ്രസംഗിച്ചു.