മുക്കാളി അടിപ്പാത പ്രക്ഷോഭം അമ്പതാം ദിവസത്തിലേക്ക്: സമര പോരാളികൾ ഒത്തുകൂടി
1415735
Thursday, April 11, 2024 5:16 AM IST
വടകര: ദേശീയ പാതയിൽ മുക്കാളി ടൗണിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭം അമ്പതാം ദിവസത്തിലേക്ക് കടന്നു.
ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾ, സാമൂഹികരാഷ്ട്രീയ യുവജനസംഘടനകൾ, വ്യാപാര സംഘടനകൾ, കുടുംബശ്രീ, റസിഡൻസി പ്രവർത്തകർ, സമര പോരാളികൾ എന്നിവർ ഒത്ത് ചേർന്ന ചടങ്ങ് കെ.കെ. രമ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ദേശീയപാത പദ്ധതി നിർമാണം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ഡിപിആർ പുറത്ത് വിടാൻ പോലും തയാറാകുന്നില്ല. ജനങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് അവർ പറഞ്ഞു. പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
കെ.പി. ജയകുമാർ, എ.ടി. ശ്രീധരൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, പി.കെ. സാവിത്രി , യു.എ. റഹീം, പി.എം. അശോകൻ, കെ.എ. സുരേന്ദ്രൻ, ഹാരിസ് മുക്കാളി, ഷംസീർ ചോമ്പാല, കെ.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.