എളമരം കരീം എംപി ഇടപെട്ടു; വഴി കെട്ടിയടക്കാനുള്ള റെയില്‍വേയുടെ നീക്കം നിര്‍ത്തിവച്ചു
1396314
Thursday, February 29, 2024 4:38 AM IST
കോഴിക്കോട്: പുതിയങ്ങാടിയില്‍ തലമുറകളായി ആയിരക്കണക്കിനാളുകള്‍ ഉപയോഗിച്ചുവരുന്ന വഴി കെട്ടിയടക്കാനുള്ള റെയില്‍വേയുടെ നീക്കം എളമരം കരീം എംപിയുടെ ഇടപെടലിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചു.
പുതിയങ്ങാടി പാവങ്ങാട് ബസ്ബേക്ക് പിറകിലുള്ള റെയില്‍വേ പാളം മുറിച്ചുകടക്കുന്ന വഴിയാണ് സ്റ്റെപ്പുകള്‍ പൊളിച്ചുമാറ്റി കെട്ടിയടക്കാന്‍ റെയില്‍വേ ജീവനക്കാരെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എളമരം കരീം എംപി പാലക്കാട് റെയില്‍വേ ഉദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിച്ചു. നിലവിലുള്ള സ്ഥിതി തുടരാന്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള സ്ഥിതി തുടരുന്നതോടൊപ്പം ജനപ്രതിനിധികളുമായി സംസാരിച്ച് ധാരണയിലെത്തിയ ശേഷമേ തുടര്‍ നടപടിയുണ്ടാവുകയുള്ളൂവെന്ന് എംപി പറഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ പൊളിച്ചുമാറ്റിയ സ്റ്റെപ്പുകള്‍ പുനഃസ്ഥാപിച്ചു. എ.പ്രദീപ്കുമാര്‍, ടി.വി. നിര്‍മ്മലന്‍, പി.നിഖില്‍, ഇ.പ്രേംകുമാര്‍, കെ.ജെറീഷ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.