ദേശീയ ശാസ്ത്ര ദിനം: 2500ലധികം സ്കൂൾ വിദ്യാർഥികൾ എൻഐടിസി സന്ദർശിച്ചു
1396305
Thursday, February 29, 2024 4:34 AM IST
മുക്കം: ദേശീയ ശാസ്ത്ര ദിനത്തിൽ കോഴിക്കോട് ജില്ലയിലെ 2500ലധികം വിദ്യാർഥികൾ കാലിക്കട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെത്തി. ദേശീയ ശാസ്ത്ര ദിനം എൻഐടിസി ഓപ്പണ്‍ ഹൗസ് ആയി ആചരിക്കുകയും സ്കൂൾ വിദ്യാർഥികൾക്ക് സ്ഥാപനം സന്ദർശിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുകയുമായിരുന്നു.
50 ലധികം സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളാണ് ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നൂതന കണ്ടുപിടുത്തങ്ങളുടെയും ലോകത്തെക്കുറിച്ചറിയാൻ കാന്പസിൽ എത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ 12 ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികളും അധ്യാപകരും അവരുടെ കണ്ടുപിടിത്തങ്ങളും പ്രവർത്തന മാതൃകകളും പ്രദർശിപ്പിച്ചു. ശില്പശാലകളിലൂടെ വിദഗ്ധരുമായി സംവദിക്കാനും വിദ്യാർഥികളെ അനുവദിച്ചു.
എൻഐടിസി ഡയരക്ടരുടെ ചുമതല വഹിക്കുന്ന പ്രഫ.ജെ. സുധാകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ ടിഡി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി പ്രഫസറും സ്കിൽഫാവ്സ് ഡയരക്ടറുമായ ഡോ. ടി.പി. സേതുമാധവൻ മുഖ്യാതിഥിയായിരുന്നു.
മാരായമംഗലം സ്കൂളിലെ ഇ.കെ.മുഹമ്മദ് റഫീഖ് "ഫിസിക്സ് ഫണ്‍ സയൻസ്’ എന്ന വിഷയത്തെക്കുറിച്ചും ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ഡെപ്യൂട്ടി അനലിസ്റ്റ് എം.സുബ്ബരാജ് "ഭക്ഷണത്തിൽ മായം ചേർക്കലും സുരക്ഷയും’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് എടുത്തു. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ "മാജിക് റെയിൻബോ’ അവതരിപ്പിച്ചു. പരിപാടിയുടെ കോർഡിനേറ്റർ പ്രഫ.എം.കെ.രവിവർമ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി, ഐഎസ്ആർഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ. ജയറാം, പരിപാടിയുടെ കോഓർഡിനേറ്റർ പ്രഫ. എ. സുജിത്ത്, സ്ഥാപനത്തിന്റെ ഇന്നവേഷൻ കൗണ്‍സിൽ പ്രസിഡന്റ് ഡോ.എസ്.കുമാരവേൽ, കെമിസ്ട്രി വിഭാഗം മേധാവി പ്രഫ. പരമേശ്വരൻ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ. അബ്ദുന്നാസർ, ടീച്ചർ കോഡിനേറ്റർ യു.കെ. ഷജിൽ എന്നിവർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു.