ആരാധനാലയങ്ങൾക്കുള്ള അനുമതി ഉത്തരവ് വൈകുന്നു: തീർപ്പ് കൽപ്പിക്കാൻ സർക്കാരിനോട് ന്യൂനപക്ഷ കമ്മീഷൻ
1396304
Thursday, February 29, 2024 4:34 AM IST
കോഴിക്കോട്: ആരാധനാലയങ്ങൾക്കുള്ള അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ എത്രയും പെട്ടെന്ന് തന്നെ തീർപ്പ് കൽപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ.
കോഴിക്കോട് കളക്ട്രേറ്റിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ കെ. മുഹമ്മദ് ഇബ്രാഹിം നൽകിയ ഹരജിയിലാണ് ആരാധനാലയങ്ങൾക്കുള്ള അനുമതി സംബന്ധിച്ച് ഹൈക്കോടതയിൽ നിലനിൽക്കുന്ന ഹർജിയിൽ തീർപ്പ് കൽപ്പിക്കാൻ വേണ്ട നടപടി സർക്കാർ എത്രയും വേഗം സ്വീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജി ആവശ്യപ്പെട്ടത്.
2021 ലായിരുന്നു ആരാധനാലയങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. എന്നാൽ അനുമതിയിലെ ക്രമസമാധാനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ് കാരണം അനുമതി സംബന്ധിച്ച് പഞ്ചായത്തുകൾക്കാണോ കളക്ടർക്കാണോ അധികാരം എന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയും ഇത് പ്രകാരം നിരവധി ആരാധനാലയങ്ങൾക്ക് നിർമാണ അനുമതി നൽകുന്നത് വൈകുകയുമായിരുന്നു.
ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നത് കാരണം കേരളത്തിലെ പള്ളികൾക്കും ചർച്ചുകൾക്കും നിർമാണത്തിനായുള്ള അനുമതി ലഭിക്കുന്നത് വൈകുന്ന സാഹചര്യമാണുള്ളതെന്ന് കമ്മീഷന് ബോധ്യപ്പെട്ടതായി അംഗം പറഞ്ഞു. ഈ സാഹചര്യത്തിൽ ഹർജിയിൽ ഹൈക്കോടതിയിൽ നിന്നും ഉത്തരവ് നേടിയെടുക്കാൻ വേണ്ട നടപടികൾ സർക്കാർ വേഗത്തിലാക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി അബ്ദുനാസർ നൽകിയ ഹർജിയിൽ ന്യൂനപക്ഷ വകുപ്പ് നൽകിയ മറുപടി പ്രകാരം കേസ് തീർപ്പാക്കി. സിറ്റിംഗിൽ ആറു കേസുകൾ പരിഗണിച്ചു.