ചെട്ടിക്കടവ് പാലം ഉദ്ഘാടനത്തിന് സജ്ജം; വയനാട് ഭാഗത്തേക്കുള്ള യാത്ര എളുപ്പമാകും
1394894
Friday, February 23, 2024 5:46 AM IST
കോഴിക്കോട്: ചാത്തമംഗലം -പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ ചെറുപുഴയ്ക്കു കുറുകെ നിർമിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായി. ഇരു ഭാഗങ്ങളിലെയും അപ്രോച്ച് റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതോടെ പാലം പൂർണമായി ഗതാഗതത്തിനു തുറന്നു കൊടുക്കും.
ഇതോടെ മലപ്പുറം ജില്ലയിൽ നിന്നും ഊർക്കടവ് പാലം കടന്ന് എത്തുന്നവർക്കും കോഴിക്കോട് ഭാഗത്ത് നിന്ന് എത്തുന്നവര്‍ക്കും നഗര തിരക്കിൽ പെടാതെ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും എളുപ്പമെത്താം.
വാഴക്കാട്, രാമനാട്ടുകര, പെരുമണ്ണ, മെഡിക്കൽ കോളജ്, പൂവാട്ടുപറമ്പ് ഭാഗങ്ങളിൽനിന്ന് ചാത്തമംഗലം എൻഐടി, ആർട്സ് കോളജ്, എംവിആർ കാൻസർ സെന്റർ, കൊടുവള്ളി, വയനാട്, മുക്കം, താമരശേരി ഭാഗങ്ങളിലേക്കുള്ള യാത്ര വളരെ എളുപ്പത്തിലാകും. 11 കോടി ചെലവിലാണ് പാലത്തിന്റെ നിർമാണവും അനുബന്ധ റോഡുകളുടെ നവീകരണ പ്രവൃത്തിയും നടത്തുന്നത്.
2021 സെപ്റ്റംബറിലാണ് നിര്‍മാണം തുടങ്ങിയത്. 32 മീറ്റർ നീളത്തിലുള്ള മൂന്ന് സ്പാനും 12.5 മീറ്റർ നീളത്തിലുള്ള രണ്ട് ലാൻഡ് സ്പാനും ഉൾപ്പെടെ 121 മീറ്റർ നീളത്തിലും, ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും 7.5 മീറ്റർ വീതിയിൽ കാര്യേജ് വേയും അടക്കം 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം.