വികസന പ്രതീക്ഷയിൽ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയം
1394253
Tuesday, February 20, 2024 7:32 AM IST
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏക ഇലവൻസ് കോർട്ടായ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയത്തിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് സാധ്യത തെളിയുന്നു. നിലവിൽ വർഷത്തിൽ ആറ് മാസം മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഗ്രൗണ്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്തിന്റെയും സ്പോർട്സ് കൗണ്സിലിന്റെയും ആഭിമുഖ്യത്തിലാണ് സ്പോർട്സ് സമ്മിറ്റ് നടത്തിയത്. 2.75 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് നവീകരണത്തിനായി യംഗ് സ്റ്റാർ കാരക്കുറ്റിയുടെ ആഭിമുഖ്യത്തിൽ 26 സെന്റ് സ്ഥലം ഏറ്റെടുത്ത് ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടു നൽകിയിരുന്നു. ഇതോടൊപ്പം തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പഞ്ചായത്തിൽ ഒരു ഗ്രൗണ്ട് പദ്ധതിയുടെ ഭാഗമായി ഇതിഹാസ് ഗ്രൗണ്ടിനെ പഞ്ചായത്ത് തെരഞ്ഞെടുക്കുകയും പ്രോജക്ടിന് ജില്ലയിൽ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഗ്രൗണ്ടിനോട് ചേർന്ന് നിർമിക്കുന്ന നീന്തൽകുളത്തിന് 20 ലക്ഷത്തിന്റെ പ്രവൃത്തിക്കായി ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. ഓരോ ഗ്രാമ പഞ്ചായത്തിലും കായിക മേഖലയുടെ വികസനത്തിനായി പദ്ധതികൾ സമർപ്പിക്കുന്നതിന് സർക്കാർ നിർദേശം നൽകിയ സാഹചര്യത്തിലാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് വികസനത്തിനായി ഇതിഹാസ് ഗ്രൗണ്ടിനെ തെരഞ്ഞെടുത്തത്.
വാക്കിംഗ് ട്രാക്ക്, വോളിബോൾ കോർട്ട്, ക്രിക്കറ്റ് പിച്ച്, ഫുട്ബോളിനായി സെവൻസ്, ലെവൻസ് സൗകര്യം, നാച്വറൽ പൂൾ, ഗ്യാലറി, ഓപ്പണ് ജിം, അത്ലറ്റിക്സ് കോർട്ട്, ഹൈമാസ്റ്റ് ലൈറ്റ്, ബാത്ത് റൂം, ഡ്രസിംഗ് റൂം, ഡ്രൈനേജ് സംവിധാനം തുടങ്ങിയവ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം 365 ദിവസവും ഉപയോഗിക്കാനായി ഡ്രൈനേജ് സംവിധാനമൊരുക്കി ഒരു മീറ്റർ ഉയർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ടന്ന് വാർഡ് അംഗം ഷംലൂലത്ത് പറഞ്ഞു. നാട്ടുകാരുടേയും പ്രദേശവാസികളുടേയും സഹകരണത്തോടെ ഗ്രൗണ്ടിലേക്ക് ആറ് മീറ്റർ വീതിയിൽ റോഡ് യഥാർത്ഥ്യമാക്കാൻ ശ്രമം നടത്തുമെന്നും ഇവർ പറഞ്ഞു. ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര കായിക വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ പറഞ്ഞു.
ജില്ലയിൽ ഇലവൻസ് കോർട്ട് സൗകര്യമുള്ള അപൂർവം ഗ്രൗണ്ടുകളിൽ ഒന്നാണ് ഇതിഹാസ് ഗ്രൗണ്ടെന്നും ഇതിന്റെ വികസനം സാധ്യമായാൽ ജില്ലയിലെ കായിക മേഖലക്ക് തന്നെ മുതൽക്കൂട്ടായി മാറുമെന്നും ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.എ അബ്ദുൽ അസീസ് ആരിഫ് പറഞ്ഞു. ഇതിഹാസ് ഗ്രൗണ്ടിൽ നടന്ന സ്പോർട്സ് സമ്മിറ്റിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
വാർഡ് മെന്പർമാരായ വി. ഷംലൂലത്ത്, ടി.കെ അബൂബക്കർ, തൊഴിലുറപ്പ് എഇ ദീപേഷ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ അസീസ് ആരിഫ്, നിസാർ കൊളായിൽ, അബ്ദുസലാം, ഗിരീഷ് കാരക്കുറ്റി, എ.പി. റിയാസ്, വി. അഹമ്മദ്, കെ.കെ.സി. നാസർ, അഹമ്മദ് കുട്ടി പൂളക്കത്തൊടി, അഷ്റഫ് മതിയം കല്ലിങ്ങൽ, സലീം കൊളായിൽ, ജ്യോതി ബസു കാരക്കുറ്റി, കെ.കെ.സി. റഷീദ് തുടങ്ങിയവർ സംസാരിച്ചു.