മൈക്കാവിൽ പുലി ഇറങ്ങിയെന്ന് അഭ്യൂഹം; ഒടുവിൽ കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചു
1394251
Tuesday, February 20, 2024 7:32 AM IST
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മൈക്കാവിൽ പുലിയിറങ്ങിയതായുള്ള അഭ്യൂഹം നാടിനെ ഭീതിയിലാഴ്ത്തി. കാട്ടുപൂച്ചയാണ് എത്തിയതെന്ന് വനപാലകർ പിന്നീട് സ്ഥിരീകരിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി.
മൈക്കാവ് മാനാംകുന്ന് റോഡിലും വളവിൽ ബസ് സ്റ്റോപ്പിലുമാണ് പുലി എന്നു തോന്നിക്കുന്ന വന്യജീവിയെ കണ്ടതായി നാട്ടുകാർ പറഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് റബർ ടാപ്പിംഗ് തൊഴിലാളിയായ വാഴക്കാല പൗലോസാണ് ജീവിയെ ആദ്യം കണ്ടത്.
കാൽപാടുകൾ സ്ഥലത്ത് പതിഞ്ഞിട്ടുണ്ട്. തുടർന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഡെപ്യൂട്ടി ഓഫീസർ കെ. ഷാജു, കോഴിക്കോട് ആർആർടിയിലെ ടി.കെ. അബ്ദുൾ കരീം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. കാട്ടുപൂച്ച ഇനത്തിൽ പെട്ട ജീവിയെയാണ് നാട്ടുകാർ കണ്ടെതെന്ന് വനപാലക സംഘം അഭിപ്രായപ്പെട്ടു.