"നെറ്റ് സീറോ കാർബൺ' തദ്ദേശ സ്ഥാപനങ്ങളിൽ; ചക്കിട്ടപാറയിൽ അങ്കൺ ജ്യോതി ജില്ലാ തല ഉദ്ഘാടനം നടത്തി
1393677
Sunday, February 18, 2024 4:40 AM IST
പേരാമ്പ്ര: "നെറ്റ് സീറോ കാർബൺ' പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ പാചകവാതക ഉപകരണങ്ങൾ സൗരോർജ ഉപകരണങ്ങളാക്കി മാറ്റുന്ന അങ്കൺ ജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറയിൽ നടന്നു. പാചകവാതകത്തിന്റെ വേഗം കൂട്ടുകയും കാർബൺ ബഹിർഗമനമില്ലാതെ പാചകം ഉറപ്പാക്കുന്നതിനുമാണ് നടപടി.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ എനർജി മാനേജ്മെന്റ് സെന്ററാണ് പദ്ധതി നടപ്പിലാക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ 27 അങ്കണവാടികളിലും ഊർജ ക്ഷമതാ ഉപകരണങ്ങൾ കൈമാറി. ജില്ലയിലാകെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിലായി 220 അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ മുതുകാടിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ പി.ടി. പ്രസാദ് പദ്ധതി വിശദീകരിച്ചു.
കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്, ഇഎംസി കോർഡിനേറ്റർ എം.എ. ജോൺസൺ, ഇ.എം. ശ്രീജിത്ത്, ചിപ്പി മനോജ്, സി.കെ. ശശി, ബിന്ദു വത്സൻ, കെ.എ. ജോസൂട്ടി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ മറ്റ് ആറ് നെറ്റ് സീറോ കാമ്പയിൻ ഏറ്റെടുത്ത തദ്ദേശ സ്ഥാപനങ്ങളിലും തുടർന്നുള്ള ദിവസങ്ങളിൽ അങ്കൺ ജ്യോതി ഉദ്ഘാടനങ്ങൾ നടക്കും.