പൂളവള്ളി കലുങ്കിന്റെ അപ്രോച്ച് റോഡ്: അധികൃതരുടെ അനാസ്ഥയിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ
1374067
Tuesday, November 28, 2023 1:40 AM IST
കോടഞ്ചേരി: പൂളവള്ളി -പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്ന കലുങ്ക് പുതുക്കിപ്പണിതിട്ടും അപ്രോച്ച് റോഡ് യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു. അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയുടെ പണി പൂർത്തിയാക്കിയിട്ട് ഒരു മാസത്തോളമായി.
മണ്ണും ക്വാറി വേസ്റ്റും നിരത്തി റോഡ് യാത്രയോഗ്യമാക്കാത്തതാണ് യാത്രാ ദുരിതത്തിന് കാരണം. കലുങ്ക് നിർമിച്ച കരാറുകാരൻ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് കലുങ്കിന്റെ ഇരുഭാഗത്തും സ്വന്തം ചിലവിൽ ക്വാറിവേസ്റ്റ് നിരത്തിയിരുന്നു. എന്നാൽ റോഡിന്റെ ഇരുഭാഗവും കരിങ്കല്ലുകൊണ്ട് കെട്ടി പൂർണമായും മണ്ണ് നിരത്താത്തതിനാൽ മഴയിൽ ചെളി നിറഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.
നാല് സ്കൂൾ ബസുകളും ഒരു സ്വകാര്യ ബസും മറ്റു നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും വിദ്യാർഥികളും സഞ്ചരിക്കുന്ന റോഡാണിത്. അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ അച്ഛൻ കടവ് മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള ചില ഭാഗങ്ങളിൽ ടാറിംഗ് പൂർത്തീകരിക്കാൻ ഉള്ളതിനാൽ ഗതാഗതം നിരോധിക്കുന്പോൾ കോടഞ്ചേരിയിലേക്കുള്ള പകരം വഴിയാണ് അച്ഛൻ കടവ് പൂളപ്പാറ-പൂളവള്ളി റോഡ്.
പഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ച് പണി പൂർത്തീകരിക്കാത്ത കരാറുകാരന്റെയും പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിന്റെയും കെടുകാര്യസ്ഥതയ്ക്കെതിരേ നാട്ടുകാരിൽ പ്രതിഷേധമുണ്ട്. അപ്രോച്ച് റോഡിന്റെ നിർമാണം പെട്ടന്ന് പൂർത്തിയാക്കിയില്ലെങ്കിൽ പഞ്ചായത്ത് എൻജിനീയറിംഗ് വിംഗ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് പ്രദേശവാസികൾ അറിയിച്ചു.