ബീച്ചും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു
1339826
Monday, October 2, 2023 12:26 AM IST
കോഴിക്കോട്: രാത്രിയില്‍ ബീച്ച് പരിസരങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. ലയണ്‍സ് പാര്ക്കിന് സമീപത്തെ പ്രദേശത്താണ് ഇരുട്ടിന്റെ മറവില്‍ ലഹരിമാഫിയ ഉള്‍പ്പെടെ തമ്പടിച്ചിരിക്കുന്നത്. ഇന്റര്‍ലോക്ക് പതിച്ച് വിശ്രമകേന്ദ്രമടക്കം സൗകര്യങ്ങളുള്ള ഇവിടെ ഇരുട്ടു വീഴുന്നതോടെ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ മേഖലയിലൂടെ കടന്നു പോകാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ട്. കാഴ്ചയില്‍ ബീച്ച് കാണാന്‍ എത്തിയവര്‍ എന്ന രീതിയില്‍ പെരുമാറുന്ന സംഘങ്ങള്‍ രാത്രിയാകുമ്പോള്‍ ഇവിടെ ഇരുന്ന് മദ്യപിക്കുന്നതും പതിവാണ്.
മാത്രമല്ല ലൈറ്റുകളും ഇരിപ്പിടങ്ങളും ഇവര്‍ തകര്ത്തെറിയുന്നതായും പരാതികളുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് ഇവിടെ അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഒരു വർഷമാകുന്നതിന് മുമ്പ് തന്നെ ലൈറ്റുകളെല്ലാം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തെറിഞ്ഞു.
പല തൂണിലും നിലവില്‍ ലൈറ്റുകളില്ല. മഴപെയ്തതോടെ ലൈറ്റിനുള്ളില്‍ വെള്ളം നിറഞ്ഞ് പൊട്ടിവീഴാവുന്ന അവസ്ഥയിലാണ്. നിലവില്‍ ഇവിടെയുള്ള അലങ്കാര വിളക്കുക്കാലുകളും തുരുമ്പെടുത്ത് മറിഞ്ഞ് വീഴുന്നുണ്ട്.
കൂടാതെ ഇവിടെ ഒരുക്കിയ വിശ്രമകേന്ദ്രങ്ങളില്‍ പലതും തകര്‍ന്നിരിക്കുകയാണ്. വെയിലും മഴയും കൊള്ളാതിരിക്കാന്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍ക്ക് മുകളിലുള്ള മേല്‍ക്കൂര തകര്‍ന്ന നിലയിലാണ്.
പലയിടത്തും മേല്‍ക്കൂരക്ക് മുകളില്‍ വിരിച്ച ഷീറ്റുകള്‍ പകുതി പൊളിഞ്ഞിട്ടുണ്ട്. കോടികള്‍ മുടക്കിയാണ് ഈ മേഖലയില്‍ നവീകരണ പ്രവൃത്തികള്‍ നടത്തിയത്. എന്നാല്‍ പരിപാലനമില്ലാതെയും സാമൂഹ്യ വിരുദ്ധരുടെ ശല്യവും കാരണം എല്ലാം നശിക്കുകയാണ്.