ദേശീയപാത നിർമാണം; വഴിമുട്ടിയ വീട്ടുകാർക്ക് റോഡ് നിർമിച്ചു നല്കാന് തീരുമാനം
1339708
Sunday, October 1, 2023 7:35 AM IST
കോഴിക്കോട്: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അപ്രോച്ച് റോഡിനായി മതിൽ കെട്ടി ഉയർത്തിയത് മൂലം വഴിമുട്ടിയ പാച്ചാക്കിൽ ജംഗ്ഷന് സമീപത്തെ പത്തോളം വീട്ടുകാർക്ക് എം.കെ രാഘവൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് ബദൽ റോഡ് നിർമിക്കാൻ തീരുമാനമായി. ദേശീയപാതയുടെ പക്കലുള്ള ഭൂമിയിലും പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുമായാണ് ബദൽ സഞ്ചാര പാത നിർമിക്കാൻ ധാരണയായത്.
മലാപ്പറമ്പ് പാച്ചാക്കിൽ ജംഗ്ഷനിൽ നിന്ന് തൊണ്ടയാട് ഭാഗത്തേക്ക് 50 മീറ്ററോളം വരുന്ന ഭാഗത്തെ മണ്ണത്തുകണ്ടി ദേവീ ക്ഷേത്രത്തിന് സമീപത്തെ പത്തോളം വീട്ടുകാരാണ് അപ്രോച്ച് റോഡിനായി പണിത മതിൽ മൂലം പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കാതെ ഒറ്റപ്പെട്ടത്.
ഇതേ തുടർന്ന് വിഷയത്തിലിടപെട്ട എം.കെ. രാഘവൻ എംപി നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പ്രദേശവാസികളുമായി സ്ഥലം സന്ദർശിക്കുകയായിരുന്നു. എംപിയുടെ നിർദേശ പ്രകാരം നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ ഈ ഭാഗത്ത് സർവീസ് റോഡിന് സമാന്തരമായി പ്രദേശവാസികൾക്ക് റോഡ് നിർമിച്ച് നൽകാൻ തീരുമാനിച്ചു.