കൊടിയത്തൂരിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; പ്രതിരോധവുമായി ആരോഗ്യവകുപ്പ്
1339333
Saturday, September 30, 2023 12:47 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. ചെറുവാടി, പന്നിക്കോട്, ചുള്ളിക്കാപറമ്പ്, കൊടിയത്തൂർ എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. മൂന്നാഴ്ചയ്ക്കിടെ 35 ഓളം പേർക്കാണ് രോഗബാധയുണ്ടായത്. ഹെപ്പടൈറ്റസ് എ എന്ന പേരിൽ അറിയപ്പെടുന്ന മഞ്ഞപ്പിത്തം വെള്ളത്തിലൂടെയും മറ്റുമാണ് പകരാറുള്ളത്.
കടകളിലും വിവാഹ സൽക്കാരങ്ങളിലും നൽകുന്ന ശീതള പാനീയങ്ങളിലും നിലവാരമില്ലാത്ത ഐസ്ക്രീം എന്നിവയിലൂടെ രോഗം പടരാം. സ്കൂൾ കുട്ടികളിലൂടെയാണ് കൂടുതലായി രോഗം പടരുന്നതായി കാണുന്നതെന്നും വ്യക്തമായ ലേബലോ തീയതിയോ ഇല്ലാത്ത സിപ്പപ്പ് പോലുള്ള തണുത്ത വസ്തുക്കൾ ഉപയോഗിക്കുന്നതാണ് രോഗത്തിന് കാരണമെന്നും മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ പറഞ്ഞു.
മലത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗമായതിനാൽ ജനങ്ങൾ പരിസര ശുചിത്വം സൂക്ഷിക്കണമെന്നും എല്ലാ സമയവും കൈകൾ കഴുകണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. രോഗം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
ജല ഉറവിടങ്ങളിൽ ക്ലോറിനേഷനും വിവിധ രീതിയിലുള്ള ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ടെന്നും കടകളിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.