ഗണിത പഠനം കാര്യക്ഷമമാക്കാൻ കൊയിലാണ്ടി മണ്ഡലത്തിൽ "മഞ്ചാടി' ഒരുങ്ങുന്നു
1339317
Saturday, September 30, 2023 12:40 AM IST
കൊയിലാണ്ടി: വിദ്യാർഥികളിൽ ഗണിത പoനം കാര്യക്ഷമവും മധുരവുമാക്കി മാറ്റാൻ "മഞ്ചാടി' പദ്ധതിയൊരുങ്ങുന്നു. കേരള സർക്കാരിന്റെ അന്വേഷണാത്മക പദ്ധതിയായ മഞ്ചാടി കൊയിലാണ്ടി മണ്ഡലത്തിലും നടപ്പിലാക്കുന്നു.
മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ മാത്സ് മാജിക്കിന് അനുബന്ധമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് , കെഡിസ്ക് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള "മഞ്ചാടി' സ്കൂൾ തലത്തിൽ നടപ്പിലാക്കുന്നത്. കൊയിലാണ്ടി മണ്ഡലത്തിലെ 35 സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് നൂറ് സ്കൂളുകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
അഞ്ചാം തരത്തിലെ ഭിന്നസംഖ്യ എന്ന ആശയമാണ് ഈ വർഷം പുതിയ രീതിയിൽ ക്ലാസ് മുറിയിൽ അവതരിപ്പിക്കുക. എസ്എസ്കെക്കാണ് നടത്തിപ്പ് ചുമതല.
എസ്സിഇആർടി പദ്ധതിയുടെ വിലയിരുത്തൽ നിർവഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ സംഘടിപ്പിച്ച പ്രധാനധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും ശില്പശാല കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.