ആൾമാറാട്ടം നടത്തി പരീക്ഷ എഴുതി; വിദ്യാർഥിക്കെതിരേ പോലീസ് കേസെടുത്തു
1339130
Friday, September 29, 2023 1:02 AM IST
മുക്കം: വിദൂര വിദ്യാഭ്യാസ പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ വിദ്യാർഥിക്കെതിരേ മുക്കം പോലീസ് കേസെടുത്തു. ഷിബിലി എന്ന വിദ്യാർഥിക്കെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മെയ് 31നാണ് കേസിനാസ്പദമായ സംഭവം.
മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ സുന്നിയ അറബിക് കോളജിൽ നടന്ന നാലാം സെമസ്റ്റർ ബിഎ അറബിക് പരീക്ഷയാണ് ഇയാൾ ആൾമാറാട്ടം നടത്തി എഴുതിയത്. പരീക്ഷ എഴുതേണ്ടിയിരുന്ന മലപ്പുറം വാവൂർ സ്വദേശിയായ വിദ്യാർഥി മുഹമ്മദ് യാസീന് പകരമാണ് ഷിബിലി പരീക്ഷ എഴുതിയത്.
ജൂൺ ഒന്നിന് യാസീൻ പരീക്ഷ ഹാളിലെത്തി ഇരിപ്പിടം തിരയുന്നതിൽ സംശയം തോന്നിയ അധ്യാപകൻ കാര്യം തിരക്കിയപ്പോഴാണ് തലേ ദിവസം നടന്ന പരീക്ഷ എഴുതിയത് താനെല്ലെന്ന് വിദ്യാർഥി വെളിപ്പെടുത്തിയത്.
തുടർന്ന് കോളജ് അധികൃതർ സംഭവം സർവകലാശാലയിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന്, സെപ്റ്റംബർ 21 ന് സംഭവം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ സർവകലാശാല നിർദേശിച്ചതിനെ തുടർന്നാണ് കോളജ് അധികൃതർ പോലീസിന് പരാതി നൽകിയത്. സംഭവത്തിൽ ബുധനാഴ്ച കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദൂര വിദ്യാഭ്യാസ വിദ്യാർഥികളായതിനാൽ ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അതേ സമയം മുഹമ്മദ് യാസീന്റെ ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ കോളജ് അധികൃതരുടെ കൈവശമുണ്ട്.
തന്റെ അറിവോടെയാണ് ഷിബിലി പരീക്ഷയെഴുതിയതെന്ന് യാസീൻ കോളജ് അധികൃതർക്ക് മൊഴി നൽകിയിരുന്നു.