ഭയരഹിതമായി പുഴയിലിറങ്ങണം; തെയ്യത്തുംകടവിൽ നീർനായയുടെ കടിയേറ്റവരുടെ സംഗമം സംഘടിപ്പിക്കുന്നു
1338894
Thursday, September 28, 2023 12:56 AM IST
കൊടിയത്തൂർ: ഇരുവഴിഞ്ഞിപുഴയിൽ നിന്നും നീർനായയുടെ കടിയേറ്റവരുടെ സംഗമം സംഘടിപ്പിക്കുന്നു. എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്.
ഒക്ടോബർ രണ്ടിന് വൈകുന്നേരം കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ തെയ്യത്തുംകടവിലാണ് നീർനായയുടെ അക്രമത്തിന് ഇരയായവരുടെയും ബന്ധുക്കളുടെയും സംഗമം നടത്തുന്നത്.
നാലു വർഷത്തിലധികമായി മുക്കം നഗരസഭയിലെയും കാരശേരി, കൊടിയത്തൂർ, ചാത്തമംഗലം പഞ്ചായത്തിലെയും നിരവധി ആളുകളാണ് നീർനായ ആക്രമണത്തിന് ഇരയായത്. കുളിക്കുവാനും തുണി അലക്കുവാനും മറ്റും പുഴയിൽ എത്തുന്നവർ നീർനായയുടെ അക്രമണത്തിനിരയാവുകയാണ്.
വനം മന്ത്രിക്കും വകുപ്പ് അധികാരികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പരാതി നൽകി നീർനായ ശല്യത്തിന് പരിഹാരം കാണാൻ എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ ശ്രമം നടത്തി വരുന്നുണ്ട്.
പ്രശ്ന പരിഹാരത്തിന് മുക്കം, കാരശേരി, കൊടിയത്തൂർ, ചാത്തമംഗലം തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും ജനപ്രതിധികളും സാമൂഹിക പ്രവർത്തകരും ചേർന്നുള്ള കൂട്ടായ ചർച്ചയും ആക്ഷൻപ്ലാൻ തയാറാക്കലും സംഗമത്തിൽ നടക്കും.
ജനങ്ങൾ ഭീതിയില്ലാതെ പുഴയിലിറങ്ങാൻ കുളിക്കടവുകളിൽ ഇരുന്പ് വല സ്ഥാപിക്കണമെന്നാണ് പൊതുവായ ആവശ്യം. ആലോചനാ യോഗത്തിൽ എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ പ്രസിഡന്റ് പി.കെ.സി. മുഹമ്മദ് അധ്യക്ഷനായി.
സെക്രട്ടറി നാസർ എറക്കോടൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുസ്തഫ ചേന്ദമംഗല്ലൂർ, എം.ടി. റിയാസ്, എൻ. ശശികുമാർ, പി.കെ. ഫൈസൽ, ടി.കെ നസ്റുല്ല, ടി.കെ. ജുമാൻ, ജി. അബ്ദുൽ അക്ബർ, ലൈസ് ചേന്ദമംഗല്ലൂർ, സലീം വലിയപറന്പ്, ജാഫർ പുതുക്കുടി എന്നിവർ സംസാരിച്ചു.