ദീപിക വാർത്ത തുണയായി; കോളനി റോഡിന്റെ നടുവിൽ നിന്ന് വൈദ്യുത പോസ്റ്റ് മാറ്റി
1338891
Thursday, September 28, 2023 12:56 AM IST
കൂന്പാറ: ദീപിക വാർത്ത കോളനിക്കാർക്ക് തുണയായി. കോളനിയിലേക്കുള്ള റോഡിന്റെ മധ്യഭാഗത്തായി അപകട ഭീഷണിയുയർത്തി സ്ഥിതി ചെയ്തിരുന്ന വൈദ്യുതി പോസ്റ്റ് അധികൃതർ മാറ്റി സ്ഥാപിച്ചു. പന്നിയാൻമല കോളനി റോഡിന്റെ നടുവിൽ നിന്നാണ് വൈദ്യുതി പോസ്റ്റ് അധികൃതർ മാറ്റി സ്ഥാപിച്ചത്.
മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ പന്നിയാൻമല കോളനി റോഡ് മൂന്നു മീറ്റർ വീതിയിൽ 30 ലക്ഷം രൂപ മുടക്കി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോണ്ക്രീറ്റ് ചെയ്തിരുന്നു. റോഡിന്റെ നടുവിലെ പോസ്റ്റ് അവിടെ നിന്ന് മാറ്റാതെയാണ് കോണ്ക്രീറ്റ് ചെയ്തത്. സംഭവം ദീപിക ചിത്രം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ തുടർനടപടികൾ സ്വീകരിച്ചത്. വൈദ്യുതി പോസ്റ്റ് റോഡിന്റെ മധ്യഭാഗത്തു നിന്ന് മാറ്റാത്തത് അപകട ഭീഷണി സൃഷ്ടിച്ചിരുന്നു. ചെറിയ വാഹനങ്ങൾക്കു പോലും റോഡിലൂടെ കടന്നുപോകാൻ ബുദ്ധിമുട്ടായിരുന്നു.
വൈദ്യുതി പോസ്റ്റ് മാറ്റിയെങ്കിലും പോസ്റ്റ് നിന്നിരുന്ന സ്ഥലത്തെ മണ്കൂന നീക്കംചെയ്ത് കോണ്ക്രീറ്റ് ചെയ്താൽ മാത്രമേ റോഡ് പൂർണമായും ഗതാഗത യോഗ്യമാകുകയുള്ളു. പത്തനാപുരം കെഎസ്ഇബി ഓഫീസിന്റെ പരിധിയിലാണ് പോസ്റ്റ് സ്ഥിതി ചെയ്തിരുന്നത്. പോസ്റ്റ് മാറ്റി സ്ഥാപിച്ചതിൽ പ്രദേശവാസികൾ തൃപ്തരാണ്.