ഈ ഇഎസ്ഐ ആശുപത്രിയിൽ എത്തുക അത്ര ഈസിയല്ല!
1338145
Monday, September 25, 2023 1:28 AM IST
മുക്കം: വാടക കെട്ടിടത്തിലെ ഇടുങ്ങിയ കോണിപ്പടികൾ, പ്രായമായ രോഗിയുമായി എത്തുന്നവർക്ക് ഡോക്ടറെ കാണണമെങ്കിൽ രോഗിയെ ചുമന്ന് ഒന്നാംനിലയിലെത്തിക്കണം!
കാലിലെ പരിക്കും മറ്റുമായി എത്തുന്ന രോഗികൾ വേദന സഹിച്ച് പടികൾ കയറണം. വാഹനം പാർക്ക് ചെയ്യാൻ വേണ്ടത്ര സൗകര്യവുമില്ല! നാല് വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുക്കം ഇഎസ്ഐ ആശുപത്രിയിലെത്താൻ അത്ര ഈസിയല്ല.
2019 ഫെബ്രുവരിയിലാണ് ഇവിടെ ആശുപത്രി പ്രവർത്തനമാരംഭിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴി പള്ളോട്ടി സ്കൂളിന് സമീപത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്.
ഇഎസ്ഐയിൽ അംഗങ്ങളായ രണ്ടായിരത്തി മുന്നോറോളം ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഇവരുടെ കുടുംബാംഗങ്ങളുടെ എണ്ണം കൂടി പരിഗണിച്ചാൽ ആശ്രിതരുടെ എണ്ണം എട്ടായിരം കവിയും. ഒരു ഡോക്ടറും നഴ്സും ഫാർമസിസ്റ്റും ഉൾപ്പെടെ ഒൻപത് ജീവനക്കാരാണ് ഇവിടെയുള്ളത്.
പ്രായമായ രോഗികൾക്ക് മുകളിലേക്ക് കയറാൻ സാധിക്കാതെ വന്നാൽ ഡോക്ടറും നഴ്സും താഴെയെത്തി ചികിത്സിക്കണം. വാഹനം നിർത്തുന്നിടത്ത് മേൽക്കൂര ഇല്ലാത്തതിനാൽ മഴയും വെയിലും കൊണ്ടാണ് പരിശോധന. ശക്തമായ മഴ പെയ്താൽ ഡോക്ടറെയും കാത്ത് രോഗികൾ വാഹനങ്ങളിൽ തന്നെ കാത്തിരിക്കണം.
താഴത്തെ നിലകളിൽ വർക്ക്ഷോപ്പുകളായതിനാൽ പലപ്പോഴും വാഹനങ്ങൾ നിർത്താൻ പോലും ഇടമുണ്ടാവാറില്ലെന്ന് രോഗികൾ പറയുന്നു. ജീവനക്കാർ പ്രദേശത്തെ മറ്റിടങ്ങളിൽ വാഹനം നിർത്തുകയാണ് പതിവ്.
ഏഴു മുറികളാണ് ആശുപത്രിയിലുള്ളത്. ഇതേ സൗകര്യത്തോടെ ആദ്യ നിലയിൽ തന്നെ മറ്റൊരു കെട്ടിടം ലഭിക്കുക പ്രയാസമാണെന്ന് ജീവനക്കാർ പറയുന്നു.
കെട്ടിടം ലഭിച്ചാൽ തന്നെ ഭീമമായ വാടകയും നൽകേണ്ടി വരും. മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടി ക്രമങ്ങളും ശ്രമകരമാണ്. പ്രായമായ രോഗികളുടെ ദുരിതം പരിഗണിച്ച് ആശുപത്രി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.