ടൂർ ഓപ്പറേറ്റർമാരുടെ സംഘം ടൂറിസം കേന്ദ്രങ്ങളും ഫാമുകളും സന്ദർശിച്ചു
1338142
Monday, September 25, 2023 1:28 AM IST
തിരുവമ്പാടി: ദേശീയ, അന്തര്‍ദേശീയ ടൂറിസം മാപ്പുകളിൽ മലബാറിന്റെ പേരും ശ്രദ്ധേയമായ വിധത്തിൽ രേഖപ്പെടുത്തപ്പെടുക എന്ന ലക്ഷ്യത്തോടെ മലബാർ ടൂറിസം കൗൺസിലും ഇരുവഞ്ഞിവാലി ടൂറിസം സൊസൈറ്റിയും ചേര്‍ന്ന് ക്ഷണിച്ച ടൂർ ഓപ്പറേറ്റർമാരുടെ സംഘം തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളിലും ഫാമുകളിലും റിസോർട്ടുകളിലും സന്ദർശനം നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പന്ത്രണ്ടംഗസംഘമാണ് സ്ഥലം സന്ദർശിച്ചത്.
നിലവിൽ കേരളത്തിന്റെ ടൂറിസം പ്രവർത്തനങ്ങളുടെ 95 ശതമാനവും എറണാകുളം മുതലുള്ള തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ്. രാജ്യത്തെയും വിദേശത്തെയും പ്രമുഖ ടൂർ ഓപ്പറേറ്റർമാരുടെ ലിസ്റ്റിൽ ഇതുവരെയും മലബാർ മേഖലയിലെ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടില്ല.
ഈയൊരു സാഹചര്യത്തിന് മാറ്റം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ പ്രമുഖ ടൂർ ഓപ്പറേറ്റർമാരെ ക്ഷണിച്ച് നാടിനെ നേരിൽ കാണാൻ അവസരമൊരുക്കിയതെന്ന് എംടിസി പ്രസിഡന്റ് സജീർ പടിക്കൽ പറഞ്ഞു.
പൂവാറൻതോട്, കക്കാടംപൊയിൽ, ആനക്കാംപൊയിൽ, തുഷാരഗിരി എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. സന്ദർശനത്തിന് ശേഷം വയനാട്ടിലേക്ക് രണ്ട് ദിവസത്തെ യാത്രയാണ് ഇവർക്കായി എംടിസി തയാറാക്കിയിരിക്കുന്നത്.