കക്കയം ഡാം റോഡിലെ ഉണങ്ങിയ മരം യാത്രക്കാർക്ക് ഭീഷണി
1337966
Sunday, September 24, 2023 12:56 AM IST
കൂരാച്ചുണ്ട്: കക്കയം ടൗണിന് സമീപം ഡാം റോഡിലെ വിഎസ്എസ് ഓഫീസിന് അടുത്ത് റോഡരികിൽ നിൽക്കുന്ന മരം യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നതായി പരാതി. ഡാം സൈറ്റിൽ പ്രവർത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അനുദിനം വരുന്ന സന്ദർശകരും കെഎസ്ഇബി, വനം, പോലീസ് തുടങ്ങിയ നിരവധി ജീവനക്കാരും നിത്യേന യാത്ര ചെയ്യുന്ന റോഡാണിത്.
ഏത് സമയവും നിലംപതിക്കാറായി നിൽക്കുന്ന മരം യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുറിച്ച് നീക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നാണ് ആവശ്യം ഉയരുന്നത്. കക്കയം പഞ്ചവടിയിൽ അപകട ഭീഷണിയായി തീർന്നിട്ടുള്ള വൻ മരവും മുറിച്ചു നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പലതവണ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടില്ലെന്നാണ് വിമർശനം.