അരിക്കുളത്ത് ഭാവുകം വീട്ടിൽ നാലാം തവണയും മോഷണശ്രമം നടന്നു
1337653
Saturday, September 23, 2023 12:38 AM IST
കൊയിലാണ്ടി: അരിക്കുളത്ത് ഭാവുകം വീട്ടിൽ നാലാം തവണ മോഷണശ്രമം നടന്നു. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. അരിക്കുളത്തെ അധ്യാപക ദമ്പതികളായ ബാലകൃഷ്ണന്റെയും വിജയകുമാരിയുടെയും വീടായ ഭാവുകത്തിലാണ് മോഷണശ്രമം നടന്നത്.
ദമ്പതികൾ ഇപ്പോൾ പാലക്കാടാണ് താമസം. മോഷ്ടാക്കൾ കയറിയ ഉടനെ ഇവരുടെ മൊബൈലിലേക്ക് അറിയിപ്പ് ലഭിക്കുകയായിരുന്നു.
കോഴിക്കോട് ഇസിഎച്ച്എസിൽ ജോലി ചെയ്യുന്ന ഇവരുടെ മകൻ ഉണ്ണിക്കൃഷ്ണൻ വീട്ടിലെത്തി പരിശോധിച്ച ശേഷം കൊയിലാണ്ടി പോലീസിൽ പരാതി നൽകി. കൊയിലാണ്ടി എസ്ഐ അനീഷ് വടക്കയിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഈ വർഷം ഇത് നാലാം തവണയാണ് മോഷണശ്രമം നടക്കുന്നത്. കഴിഞ്ഞ തവണ 3000 രൂപയും, ലോക്കറിന്റെ ചാവിയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ മോഷ്ടാക്കൾ വാതിൽ കുത്തിതുറന്നത് കാരണം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.