കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് തകർന്ന ഭാഗത്തെ പണി അവതാളത്തിൽ
1337650
Saturday, September 23, 2023 12:38 AM IST
കോടഞ്ചേരി: കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴ്ന്ന ഭാഗത്തെ പണി അവതാളത്തിൽ. പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡ് ഈ മാസം 11നാണ് ഇടിഞ്ഞ് താഴുന്നത്.
മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ ജൂൺ പത്തിനാണ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. ആദ്യം കരാർ എടുത്ത കമ്പനി ഒഴിവായി പോയതിനുശേഷം രണ്ടാമത് എടുത്ത കമ്പനിയാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്.
ഈ മാസം 11ന് രാവിലെയാണ് റോഡ് ഇടിഞ്ഞുതാഴുന്നത്. റോഡിന്റെ ഈ ഭാഗത്ത് കെട്ട് തള്ളിയതിനെ തുടർന്നാണ് റോഡ് തകർന്നത്. തകർന്ന ഭാഗത്തെ കല്ലുകളും ചെളിയും മാറ്റിയെങ്കിലും ഇപ്പോൾ ഏഴ് ദിവസമായി പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നില്ല.
കനത്ത മഴ പെയ്യുന്നതിനാൽ റോഡിന്റെ ബാക്കി ഭാഗവും കൂടി ഇടിയും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. റോഡിന്റെ അടിഭാഗത്ത് കോൺക്രീറ്റ് വാൾ നിർമിച്ച് കെട്ടിപ്പൊക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
എത്രയും പെട്ടെന്ന് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്ന് വാർഡ് മെമ്പർ ഷിൻജോ തൈക്കൻ അറിയിച്ചു.