കുന്നമംഗലം ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമാണത്തിന് 40 ലക്ഷത്തിന്റെ ഭരണാനുമതി
1337423
Friday, September 22, 2023 2:25 AM IST
കോഴിക്കോട്: കുന്നമംഗലം പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമാണത്തിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു.
കുന്നമംഗലം പഞ്ചായത്തിലെ കളരിക്കണ്ടിയിൽ ചൂരപിലാക്കിൽ സൗദാമിനി സൗജന്യമായി വിട്ടു നൽകിയ നാല് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. ഡിസ്പെൻസറിയിൽ ഡോക്ടർ, ഫാർമസിസ്റ്റ്, അറ്റന്റർ എന്നീ തസ്തികകൾ നിലവിലുണ്ട്.
സർക്കാർ ഫണ്ടിന് പുറമെ പഞ്ചായത്ത് വർഷം തോറും അഞ്ച് ലക്ഷം രൂപ വീതം ചെലവഴിക്കുന്നുണ്ട്. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഡിസ്പെൻസറി പുതിയ കെട്ടിടം നിർമിക്കുന്നതോടെ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവുമെന്ന് എംഎൽഎ പറഞ്ഞു.