ബസ് മൂന്നാം തവണയും അപകടം വരുത്തിയതായി പരാതി
1337244
Thursday, September 21, 2023 7:43 AM IST
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലൂടെ അമിത വേഗതയിൽ ചീറി പാഞ്ഞ് വേഗത മുഖമുദ്രയാക്കിയ ടാലന്റ് ബസ് മൂന്നാം തവണയും അപകടം വരുത്തി.
സംഭവത്തെ തുടർന്ന് KL 13 എ .എഫ്.6375 നമ്പർ ടാലന്റ് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് കൊയിലാണ്ടി ദേശീയപാതയിൽ കൃഷ്ണ തിയറ്ററിനു സമീപം ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ നന്തി സ്വദേശികളായ ഹാരിസ്, റഹീസ് എന്നിവർക്ക് പരിക്കേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അമിത വേഗത്തിൽ വന്ന് ഇടതു ഭാഗത്തു കൂടെ കയറ്റുമ്പോഴാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചത്.
ഇവരേ ബസ് ജീവനക്കാർ അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു. തുടർന്ന് പോലീസെത്തി ബസ് കസ്റ്റഡിയിലെടുത്തു. ഇത് മൂന്നാം തവണയാണ് രണ്ടാഴ്ചക്കുള്ളിൽ ഇതേ ബസ് അപകടം വരുത്തുന്നത്. ബസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സിഐ എം.വി. ബിജു പറഞ്ഞു.