ഉദ്യോഗസ്ഥരില്ല; വേളത്ത് എൻജിനീയറിംഗ് വിഭാഗം അടഞ്ഞുതന്നെ
1337242
Thursday, September 21, 2023 7:43 AM IST
കുറ്റ്യാടി: വേളം പഞ്ചായത്തില്‍ എൻജിനിയറിംഗ് വിഭാഗം അടഞ്ഞുകിടന്നിട്ട് മാസം പിന്നിടുന്നു. കെട്ടിടനിര്‍മാണം സംബന്ധമായ കാര്യങ്ങള്‍ അവതാളത്തിലായി.
ഇവിടെ ഉണ്ടായിരുന്ന അസിസ്റ്റന്റ് എൻജിനീയറും ഓവര്‍സിയറും ക്ലാര്‍ക്കും സ്ഥലം മാറിയെങ്കിലും പകരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. താല്‍ക്കാലികമായി ചാര്‍ജ് നല്കിയ കാവിലുപാറ പഞ്ചായത്തിലെ എഇ ഒരു ദിവസം എത്തിയതല്ലാതെ പിന്നീട് വന്നിട്ടില്ല. ഓവര്‍സിയറും കൃത്യമായി എത്താറില്ല. അസി.എൻജിനീയര്‍, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍, തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍, ക്ലാര്‍ക്ക് എന്നിവരുടെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
നൂറു കണക്കിനാളുകളാണ് കെട്ടിട പെര്‍മിറ്റിനു വേണ്ടിയും കെട്ടിടത്തിന് നമ്പര്‍ ഇടുവിക്കാനുമൊക്കെയായി കാത്തിരിക്കുന്നത്. പുതിയ വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണചട്ടം കര്‍ശനമാണിപ്പോള്‍. തെറ്റിയാല്‍ പിഴ കൂടുതലുമാണ്. ആളുകള്‍ ആവശ്യം തേടി എത്തുമ്പോള്‍ പഞ്ചായത്ത് അധികൃതര്‍ നിസഹായരാവുന്ന സ്ഥിതിയാണ്. മേലധികാരികളെ നേരിട്ടും അല്ലാതെയും സ്ഥിതിഗതികള്‍ ധരിപ്പിച്ചിട്ടും തൃപ്തികരമായ മറുപടി പോലും ലഭിച്ചില്ലെന്നും പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന ജനങ്ങളോട് മറുപടി പറയാന്‍ കഴിയാതെ പ്രതിസന്ധിയിലാണെന്നും പ്രസിഡന്റ് നയീമ കുളമുള്ളതില്‍ അറിയിച്ചു.