താമരശേരി: ചുരത്തിൽ എട്ടാംവളവിൽ തടി കയറ്റിവന്ന ലോറി യന്ത്രത്തകരാർ മൂലം കുടുങ്ങി രണ്ടു മണിക്കൂർ ഗതാഗതം പൂർണമായി സ്തംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് ലോറി കുടുങ്ങിയത്. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഇന്നലെ ലോറി ഏഴാം വളവിനരികിലെത്തിച്ചു.
തുടർന്ന് വൺവേയായി വാഹനങ്ങൾ കടത്തിവിട്ടു. പകൽ മുഴുവൻ ചുരത്തിൽ ഭാഗികമായി ഗതാഗത തടസം നേരിട്ടു. വൈകുന്നേരമായതോടെ ലോഡു കയറ്റിയെത്തുന്ന ലോറികളെത്തി ഗതാഗതക്കുരക്ക് വീണ്ടും രൂക്ഷമായി. ആറരയോടെയാണ് കോഴിക്കോട് നിന്ന് യന്ത്ര ഭാഗങ്ങളെത്തിച്ച് തകരാർ പരിഹരിച്ച് ലോറി മാറ്റിയത്. ഈ സമയമത്രയും വൻ ഗതാഗതക്കുരുക്കിൽ ചുരത്തിൽ യാത്രക്കാർ വലഞ്ഞു.