ജലസ്രോതസിന് അരികിൽ കക്കൂസ് മാലിന്യം തള്ളി
1336976
Wednesday, September 20, 2023 7:38 AM IST
മുക്കം: പാതയോരത്ത് കുടിവെള്ള പദ്ധതിക്കും ജലസ്രോതസിനും അരികിൽ കക്കൂസ് മാലിന്യം തള്ളി. മുക്കം നഗരസഭയിൽ മുത്തേരി - മുത്താലം റോഡിൽ മുത്തേരി അങ്ങാടിക്ക് സമീപം കുടിവെള്ള പദ്ധതിക്കും നിരവധി കുടിവെള്ള പദ്ധതിക്കായി ആശ്രയിക്കുന്ന തോടിനും അരികിലാണ് കഴിഞ്ഞദിവസം രാത്രി കക്കൂസ് മാലിന്യം തള്ളിയത്.
തൊട്ടടുത്ത വീടുകളിലേക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്.
മഴ പെയ്താൽ കുടിവെള്ള പദ്ധതിയുടെ കിണറ്റിലേക്കും തൊട്ടടുത്ത വീടുകളിലെ കിണറ്റിലേക്കും തോട്ടിലേക്കും മാലിന്യം കലരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഒരാഴ്ച മുമ്പ് മുക്കം നഗരസഭയിലെ കുറ്റിപ്പാല അയ്യപ്പക്ഷേത്രത്തിന് സമീപവും ടാങ്കറിൽ എത്തിച്ച് കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതിനെതിരേ നഗരസഭാ അധികൃതർക്കും പോലീസിനും പരാതി നൽകിയെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല. മലയോരത്തെ വിവിധ മേഖലകളിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവർത്തികൾ. തൊട്ടടുത്ത പ്രദേശമായ മാങ്ങ പൊയിലിൽ ഏഴോളം വീടുകളിലെ അംഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു.