ഓണ്‍ലൈൻ ക്ലാസുകൾ ഫലപ്രദമായി നടക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
1336754
Tuesday, September 19, 2023 7:49 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ അടച്ച സാഹചര്യത്തിൽ നടക്കുന്ന ഓണ്‍ലൈൻ ക്ലാസുകൾ വളരെ ഫലപ്രദമായാണ് പോകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി നേരിട്ട് നേതൃത്വം നൽകിയതിനാൽ ഓണ്‍ലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ആശങ്ക ഒഴിവായി. ആരോഗ്യ മന്ത്രി, ജില്ലാ കളക്ടർ, ജില്ലാ ഭരണകൂടം എന്നിവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായാണ് നടക്കുന്നത്.
കാര്യങ്ങൾ വളരെ ഫലപ്രദമായാണ് നടപ്പിലാക്കുന്നത്. പ്രത്യേകം ഇടപെടേണ്ട കാര്യങ്ങളിൽ പ്രത്യേക യോഗങ്ങൾ നടക്കുകയും ഇത് നല്ല രീതിയിലാവുകയും ചെയ്തിട്ടുണ്ട്.
ബേപ്പൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ചില വാർഡുകളിൽ ഇളവുകൾ നൽകും. എല്ലാ കാര്യങ്ങളും ഒരു ടീം ആയിട്ടാണ് ചെയ്യുന്നത്. ഇത് പൊതുജനങ്ങൾ പരിപൂർണമായി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തിൽ ഓണ്‍ലൈനായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുത്തു. ജില്ലാ കളക്ടർ എ. ഗീത, സബ് കളക്ടർ വി. ചെൽസാസിനി, അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ, എഡിഎം സി. മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, എഡിഎച്ച്എസ് ഡോ. നന്ദകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി, കേന്ദ്രസംഘാംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.