ഓണ്‍ലൈൻ ക്ലാസുകൾ ; പ്രതിസന്ധിയായി ഫോണുകളുടെ ലഭ്യതക്കുറവ്
1336747
Tuesday, September 19, 2023 7:49 AM IST
മുക്കം: നിപ്പ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ഓണ്‍ലൈൻ ക്ലാസുകൾക്ക് തുടക്കമായതോടെ പ്രതിസന്ധിയും രൂക്ഷമായി.
എല്ലാ സ്ഥലങ്ങളിലും നെറ്റ് വർക്ക് ലഭിക്കാത്തതും മൊബൈൽ ഫോണുകളുടെ അപര്യാപ്തതയും മലയോര മേഖലയിലെ വിദ്യാർഥികളുടെ ഓണ്‍ലൈൻ പഠനത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ജില്ലയിൽ സെപ്റ്റംബർ 18 മുതൽ 23 വരെ ക്ലാസുകൾ ഓണ്‍ലൈൻ സംവിധാനത്തിൽ നടത്തണമെന്നാണ് കളക്ടറുടെ നിർദ്ദേശം.
ഇത് എല്ലാ കുട്ടികളിലും എത്തില്ലെന്ന ആശങ്കയിലാണ് മലയോരവാസികൾ. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചാലക്കൽ, തൊട്ടിമ്മൽ, പഴംപറന്പ്, തോട്ടുമുക്കത്തെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മിക്ക കന്പനികളുടേയും നെറ്റ് വർക്ക് ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളാണ് ഒട്ടുമിക്ക വിദ്യാർഥികളും ഉപയോഗിക്കുന്നത്. രക്ഷിതാക്കൾ വീട്ടിലില്ലാതിരുന്നാൽ കുട്ടികൾക്ക് ക്ലാസ് നഷ്ടമാവുന്ന അവസ്ഥയാണ്. മൂന്നും നാലും കുട്ടികൾ പഠിക്കുന്ന വീടുകളിൽ പരമാവധി രണ്ട് ഫോണുകൾ മാത്രമാണ് ഉള്ളത്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ചില കുടുംബങ്ങളിൽ ആൻഡ്രോയിഡ് ഫോണുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് ഓണ്‍ലൈൻ ക്ലാസിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതും ഓണ്‍ലൈൻ പഠനത്തെ ബാധിക്കുന്നു.