കൊടിയത്തൂരിൽ മിനി എംസിഎഫ് സാമൂഹ്യ വിരുദ്ധർ ചങ്ങലയിട്ട് പൂട്ടി
1301534
Saturday, June 10, 2023 12:36 AM IST
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മിനി എംസിഎഫ് സാമൂഹ്യ വിരുദ്ധർ ചങ്ങലയിട്ട് പൂട്ടി. മാട്ടു മുറിയിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് പൂട്ടിയത്. കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് ഹരിത കർമ സേനാംഗങ്ങൾ തങ്ങളുടെ കൈവശമുള്ള താക്കോൽ ഉപയോഗിച്ച് പൂട്ടിപ്പോയതായിരുന്നു.
എന്നാൽവെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയപ്പോൾ ചങ്ങല ഉപയോഗിച്ച് പൂട്ടി കിടക്കുന്നതാണ് കണ്ടത്. രണ്ട് വർഷത്തേക്ക് സ്വകാര്യ വ്യക്തിയുമായി കരാർ വച്ച കേന്ദ്രമാണിത്. ഇതിന്റെ കാലാവധി പൂർത്തിയാവാൻ 2023 നവംബർ വരെ സമയവുമുണ്ട്.
എംസിഎഫ് പൂട്ടിപ്പോയതായി ഹരിത കർമസേനാംഗങ്ങൾ അറിയിച്ചതായും ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് സന്ദർശനം നടത്തിയപ്പോൾ എംസിഎഫ് പൂട്ടിയതായി കാണാൻ കഴിഞ്ഞില്ലന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവർ പറഞ്ഞു. ആരെങ്കിലും കെട്ടിടം പൂട്ടിയിട്ടുണ്ടങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ പറഞ്ഞു. എത്രയും പെട്ടന്ന് എംസിഎഫ് തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹരിത കർമ സേനാംഗങ്ങളും പറഞ്ഞു. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അവർ പറഞ്ഞു. അതേ സമയം ഉച്ചയോടെ എംസിഎഫ് പൂട്ടിയ ചങ്ങല അപ്രത്യക്ഷമാവുകയും ചെയ്തു.