ശുചീകരണത്തിനിടെ അഴുക്കു ചാലിൽ മദ്യക്കുപ്പികൾ കണ്ടെത്തി
1301530
Saturday, June 10, 2023 12:36 AM IST
നാദാപുരം: വളയം ടൗണിൽ ശുചീകരണ പ്രവൃത്തിക്കിടെ അഴുക്ക് ചാലിൽ 300 ഓളം ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയതിനെ തുടർന്ന് കട ഉടമയ്ക്ക് 50000 രൂപ പിഴ ചുമത്തി കട അടച്ച് പൂട്ടാനും പഞ്ചായത്ത് നോട്ടീസ് നൽകി.
വളയം ടൗണിലെ ഗോകുലം സ്റ്റേഷനറി കടയ്ക്കാണ് പഞ്ചായത്ത് പിഴ ചുമത്തിയത്. മലിന ജലം ഓടയിൽ ഒഴുക്കിയതിനും മദ്യക്കുപ്പികൾ ഓടയിൽ തള്ളിയതിനുമാണ് പിഴ. ഇന്നലെ രാവിലയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായുള്ള ശുചീകരണം നടന്നത്. ഇതിനിടെ ഗോകുലം സ്റ്റേഷനറി കടയ്ക്ക് മുന്നിലെ കോൺക്രീറ്റ് സ്ലാബ് നീക്കം ചെയ്ത തൊഴിലാളികൾ കണ്ടത് അഴുക്ക് ചാൽ നിറയെ മദ്യക്കുപ്പികളായിരുന്നു. 10 ചാക്കുകളിലായി അഴുക്ക് ചാലിൽ മുന്നൂറോളം ഒഴിഞ്ഞ മദ്യക്കുപ്പികളാണ് നിന്ന് നീക്കം ചെയ്തതത്. ഇവർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധ നടത്തി നടപടി എടുക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ് കൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. സജീവൻ ,സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.