ഇ-പോസ് മെഷിന് തകരാറില്; റേഷന് വിതരണം മുടങ്ങി
1299599
Saturday, June 3, 2023 12:16 AM IST
സ്വന്തം ലേഖകന്
കോഴിക്കോട്: അപ്ഡേഷനിടെ ഇ-പോസ് മെഷിന് തകരാറിലായതിനെത്തുടര്ന്ന് ജില്ലയില് റേഷന് വിതരണം വീണ്ടും അവതാളത്തില്. ജൂണ് മാസത്തിലെ റേഷന് വിതരണത്തിന് വേണ്ടിയാണ് ഇ- പോസില് അപ്ഡേഷന് നടത്തിയത്. അപ്ഡേഷന് നടത്തിയാലേ ഈ മാസത്തെ വിതരണത്തിനുള്ള മൊഡ്യൂള് ആക്ടിവേഷന് നടക്കുകയുള്ളൂവെന്ന് നിര്ദേശമുണ്ടായിരുന്നു. എന്നാല് അപ്ഡേഷന് നടന്ന പല കടകളിലും ഉച്ചവരെയും സര്വര് തകരാര് മൂലം റേഷന് വിതരണം മുടങ്ങി. റേഷന് സാധനങ്ങള് വാങ്ങാന് എത്തിയ ഉപഭോക്താക്കള്ക്ക് മടങ്ങി പോകേണ്ടി വന്നു. മുമ്പും ഇത്തരത്തില് അപ്ഡേഷന് നടത്തിയെങ്കിലും റേഷന് വിതരണത്തെ അത് ബാധിച്ചിരുന്നില്ല.കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഉപഭോക്താക്കള്ക്ക് നല്കുന്ന സബ്സിഡി പണത്തിന്റെ തോത് ഉപഭോക്താളെ ബോധ്യപെടുത്തുവാനാണ് ഇത്തരം പരിഷ്ക്കരണങ്ങളെന്ന് ആക്ഷേപമുണ്ട്. അതേസമയം മാസാരംഭത്തിലെ ഇത്തരം പരിഷ്ക്കാരങ്ങള് മൂലം മണ്ണെണ്ണ, ആട്ട എന്നിവയുടെ ചില മാസങ്ങളിലെ വിതരണ തോത് നിശ്ചയിക്കാന് കഴിയാതെ വരുന്നുണ്ട്. തുടര്ന്നുള്ള ദിവസങ്ങളിലാണ് ഇത് വിതരണത്തിന്ന് ക്രമീകരിക്കാറുള്ളത്. ഇതു മൂലം റേഷന് വാങ്ങുന്നവര്ക്ക് ഇവ ലഭിക്കുന്നില്ല. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി എല്ലാ മാസവും ഒന്നാം തിയ്യതി റേഷന് കടകള്ക്ക് അവധി നല്കണമെന്ന ആവശ്യം ഉയര്ന്നിട്ടുണ്ട്.