അയച്ചിറ മീത്തൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
1299355
Friday, June 2, 2023 12:16 AM IST
കോഴിക്കോട്: സംസ്ഥാനത്തെ രണ്ടര കോടി ജനങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ ജലവിതരണം സാധ്യമാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ചേമഞ്ചേരി പഞ്ചായത്ത് അയച്ചിറ മീത്തൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജൽജീവൻ മിഷൻ വഴി നാല് ലക്ഷത്തോളം പുതിയ കണക്ഷനുകൾ നൽകി. കിഫ്ബി വഴി 5,000 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അനുമതി നൽകി. ഇതു വഴി ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ അൻപതോളം കുടുംബങ്ങളുടെ ദീർഘനാളത്തെ കുടിവെള്ള പ്രശ്നത്തിനാണ് പദ്ധതി യാഥാർഥ്യമാകുന്നതോടെ ശാശ്വത പരിഹാരമാകുന്നത്. ചേമഞ്ചേരി അസിസ്റ്റന്റ് എൻജിനീയർ കെ. ഫാസിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, വാർഡ് അംഗങ്ങളായ സി. ലതിക, ഗീത മുല്ലോളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.