കളറായി സ്കൂൾ പ്രവേശനോത്സവം
1299350
Friday, June 2, 2023 12:16 AM IST
കോഴിക്കോട്: ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്കെത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഏഴ് വർഷമായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കഠിനശ്രമത്തിന്റെ വിജയമാണ് പൊതുവിദ്യാഭ്യാസരംഗത്തെ ശാക്തീകരണമെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് പൊതു വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ചെലവഴിക്കുന്നത്.
കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന്റെ ഫാക്ടറിയാണ് പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളെന്നും മന്ത്രി പറഞ്ഞു.തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മികവ് പരിപാടിയിൽ വിജയികളായ പ്രതിഭകളെ ആദരിച്ചു. ജില്ലാ കളക്ടർ എ. ഗീത "ഹലോ ഇംഗ്ലീഷ് സ്റ്റോറി' പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഉടമ ആഗ്ന യാമി വിശിഷ്ടാതിഥിയായിരുന്നു.
കോഴിക്കോട്: ജില്ലയിലെ ബ്ലോക്ക് തല പ്രവേശനോത്സവം എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. മാറിയ കാലത്ത് അധ്യാപകർ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അനുയോജ്യ പരിശീലനങ്ങൾ നൽകാൻ പ്രാപ്തി നേടിയവരാവണമെന്ന് എംപി പറഞ്ഞു.
ഫറോക്ക് എഎൽപി സ്കൂളിൽ നടന്ന ചടങ്ങിൽ രാമനാട്ടുകര നഗരസഭ ചെയർപേഴേസൺ ബുഷ്റ റഫീഖ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയായി. വിദ്യാലയ മുറ്റത്തെത്തിയ കുരുന്നുകൾക്ക് അധ്യാപകരും രക്ഷിതാക്കളും പിടിഎയും ചേർന്ന് വർണാഭമായ വരവേൽപ് നൽകി.
പഠന കിറ്റുകൾ നഗരസഭ വൈസ് ചെയർമാൻ കെ. സുരേഷ് കുമാർ പിടിഎ പ്രസിഡന്റ് പി.പി. ഹാരിസിന് കൈമാറി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സഫ റഫീഖ് വിദ്യാർഥികളെ സ്വീകരിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ ഫറോക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ടി. കുഞ്ഞിമൊയ്തീൻ കുട്ടിയും വിദ്യാലയത്തിലെ മികവ് പ്രവർത്തനമായ അക്കാദമിക് അഡ്വാൻസ്മെന്റ് പ്രോഗ്രാം ലോഗോ ബിപിസി പ്രമോദ് മൂടാടിയും പ്രകാശനം ചെയ്തു.
വാർഡ് കൗൺസിലർ സി. അബ്ദുൽ ഹമീദ്, പ്രധാനധ്യാപകൻ കെ.എം. മുഹമ്മദ് കുട്ടി, എംപിടിഎ പ്രസിഡന്റ് കെ. സമീറ, പിടിഎ വൈസ് പ്രസിഡന്റ് സി.വി റമീസ്, സ്കൂൾ ലീഡർ റഹ ഹബീബ്, സ്റ്റാഫ് ടി.പി ജഹാംഗീർ കബീർ എന്നിവർ പ്രസംഗിച്ചു.
ബാലുശ്ശേരി : പനങ്ങാട് നോര്‍ത്ത് എയുപി സ്കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിയ പ്രദര്‍ശന ക്ലാസ് ശ്രദ്ധേയമായി.
പ്രീ സ്കൂള്‍ കഴിഞ്ഞെത്തിയ കുട്ടികള്‍ ആശയവതരണ രീതിയിലൂടെ കുറഞ്ഞ സമയം കൊണ്ട് അവരുടെ നോട്ടില്‍ "തത്ത വന്നു, താര വന്നു' എന്നെഴുതുകയും വായിക്കുകയും ചെയ്തപ്പോള്‍ അത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ കൗതുകമായി. ഒന്നാം ക്ലാസിലെ അവധിക്കാല പരിശീലനവും ഇത്തരത്തിലുള്ള പ്രദര്‍ശന ക്ലാസോടെയായിരുന്നു.
ജില്ലാ പരിശീലനത്തില്‍ ക്ലാസ് കൈകാര്യം ചെയ്ത സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ ശ്രിനേഷ് മാസ്റ്റര്‍ സ്കൂളില്‍ ക്ലാസ് കൈകാര്യം ചെയ്തു. പ്രവേശനോത്സവം പനങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഹരീഷ് ത്രിവേണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.രമ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് സബീഷ് മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് പി.എം. പ്രജീഷ്, സി.പി. ബാലന് മാസ്റ്റര്‍, എ.കെ.രവീന്ദ്രന് , ഷീജ എം എന്നിവര്‍ സംസാരിച്ചു.
കോടഞ്ചേരി: സെന്റ് ജോസഫ് എൽപി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ 2023-24 അധ്യായന വർഷത്തിന് തുടക്കമായി. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നവാഗതരെ വരവേറ്റു. കൂട്ടുകാരുടെ പ്രിയ കാർട്ടൂൺ കഥാപാത്രമായ മിക്കി മൗസ് കുഞ്ഞുങ്ങളെ സ്വീകരിക്കാനായി അണിഞ്ഞൊരുങ്ങിയത് കുട്ടികൾക്ക് വിസ്മയമായി. കൂട്ടുകാരെ വരവേൽക്കാനായി സ്കൂളും പരിസരവും അക്ഷരപ്പൂക്കളും വിവിധ ക്ലബുകളുടെ ഏരിയകളും സജ്ജീകരിച്ചത് ഇത്തവണത്തെ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു.ഈ വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണം സ്കൂൾ മാനേജർ, വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ എന്നിവർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സിബി തൂങ്കുഴി, ബിആർസി പ്രതിനിധി ലിൻസി, ഷിജോ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. മലയോര മേഖലകളിൽ സ്കൂൾ പ്രവേശനോത്സവം ചിരിച്ചും കളിച്ചും വർണ്ണശഭളമായി
കൂരാച്ചുണ്ട്: സ്കൂൾ പ്രവേശനോത്സവം കൂരാച്ചുണ്ട് പഞ്ചായത്ത്തല ഉദ്ഘാടനം സെന്റ് തോമസ് യുപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഒ.കെ. അമ്മദ്, പ്രധാനാധ്യാപകൻ ബിജു മാത്യു, പിടിഎ പ്രസിഡന്റ് ബെസ് ലിൻ മഠത്തിനാൽ, കെ.ജി. അരുൺ,നിവ്യ തോമസ്, ഒ.കെ. ബഷീർ, റിയ ട്രീസ റോയ്, ജാൻസി ചാക്കോ എന്നിവർ പ്രസംഗിച്ചു.കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം.പി. ശ്രീനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ സജി ജോസഫ്, എംപിടിഎ ചെയർപേഴ്സൺ അനിത ജോൺസൻ, സ്റ്റാഫ് പ്രതിനിധി ഷിബി ജോസ്, ആൻ തെരേസ ഫെലിക്സ് എന്നിവർ പ്രസംഗിച്ചു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
ചക്കിട്ടപാറ: കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.ഡി. ജോബി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോർജ് കളപ്പുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.പി. ജോസ്, പ്രധാനാധ്യാപകൻ ബിനു ഡി. എടയന്ത്രത്ത് എന്നിവർ പ്രസംഗിച്ചു.
ചക്കിട്ടപാറ: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ. ജോസഫ് കൂനാനിക്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് വി.ടി. ഷിനോജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.കെ. ഷാന്റി ,അധ്യാപക പ്രതിനിധികളായ സി.ജെ. തോമസ്, സജി മാത്യു, വിദ്യാർഥി പ്രതിനിധികളായ അന്ന മേരി സന്തോഷ്, എൽറിയ റോസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
പടത്തുകടവ്: ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്കൂളിൽ പ്രവേശനോത്സവം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്തതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ഫ്രാൻസീസ് വെള്ളമ്മാക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഷിബു എടാട്ട് നവാഗതർക്ക് സമ്മാന കിറ്റ് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് റോജി ചാലുങ്കൽ, എംപിടിഎ പ്രസിഡന്റ് ഷിജി റോബിൻ,സ്റ്റാഫ് സെക്രട്ടറി കെ.കെ. വിനോദൻ എന്നിവർ പ്രസംഗിച്ചു.
ചാത്തൻകോട്ടുനട: എജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചാത്തൻകോട്ടുനട വർണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. കുട്ടികളെ ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. വാർഡ് മെമ്പർ സാലി സജി ഉദ്ഘാടനം ചെയ്തു.
മാനേജർ ഫാ. സിജോ എടക്കരോട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ജയ ജേക്കബ് കുട്ടികളുമായി സംവദിച്ചു. പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ, പിടിഎ പ്രസിഡന്റ് വി.പി. നിനീഷ്, മെമ്പർ ശ്രീമതി നുസ്രത്ത് തെക്കേലക്കണ്ടി, എംപിടിഎ പ്രതിനിധി ബീന അരീക്കര, എസ്എംസി ചെയർപേഴ്സൺ കെ.പി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വജ്രജൂബിലി സ്മരണിക "സ്പന്ദനം" നൽകിയാണ് കുട്ടികളെ സ്കൂൾ സ്വീകരിച്ചത് .