കുസൃതികളുമായി കുരുന്നുകൾ അങ്കണവാടികളിലേക്ക്; ജില്ലയിലെ അങ്കണവാടികളിൽ പ്രവേശനം നേടിയത് 12000ഓളം കുട്ടികൾ
1298864
Wednesday, May 31, 2023 5:03 AM IST
കോഴിക്കോട്: കുസൃതികളുമായി കുരുന്നുകൾ ഇനി അങ്കണവാടികളിലേക്ക്. സംസ്ഥാനത്തെ അങ്കണവാടി പ്രവേശനോത്സവമായ ചിരികിലുക്കം ആഘോഷമാക്കി ജില്ലയിലെ കുരുന്നുകൾ. മധുരവും പൂക്കളും സമ്മാനവും നൽകിയാണ് അധ്യാപകർ കുട്ടികളെ വരവേറ്റത്.
നിറഞ്ഞ കണ്ണുകളാൽ അങ്കണവാടികളിലെത്തിയ കുരുന്നുകൾ ചുമരിലെ ചിത്രങ്ങളും കളിപ്പാട്ടങ്ങളും കണ്ടതോടെ സന്തോഷത്തിലായി. ഇതോടെ ആദ്യം വരാൻ മടിച്ചവർക്കൊക്കെ അങ്കണവാടിയിൽ നിന്ന് തിരികെ പോകാൻ താത്പര്യമില്ലാതായി. ജില്ലയിലെ 2938 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
12000-ഓളം കുട്ടികൾ പുതിയതായി അങ്കണവാടിയിൽ പ്രവേശനം നേടി. കഴിഞ്ഞ വർഷത്തേക്കാൾ ആയിരത്തിലധികം കുട്ടികളാണ് ഇത്തവണ പ്രവേശനം നേടിയത്. അങ്കണവാടിയും പരിസരവും ആകർഷണീയമായ രീതിയിൽ അലങ്കരിച്ചും പുതിയതായി ചേരുന്ന കുട്ടികളുടെ ഫോട്ടോ ചാർട്ട് പ്രദർശിപ്പിച്ചുമായിരുന്നു പ്രവേശനോത്സവം ആഘോഷമാക്കിയത്. പുതുതായി എത്തുന്ന കുരുന്നുകളെ സ്വീകരിക്കുവാൻ അങ്കണവാടി കുട്ടികൾ തന്നെയായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്. വെൽക്കം കിറ്റ്, മധുരം എന്നിവ നൽകിയാണ് കുരുന്നുകളെ സ്വീകരിച്ചത്. കുട്ടികളുടെ കലാപരിപാടികളുമായതോടെ പ്രവേശനോത്സവം ആവേശഭരിതമായി.
സംയോജിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും പ്രവേശനോത്സവം ആഘോഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. മെയ് 15 മുതൽ ജൂൺ അഞ്ച് പരിസ്ഥിതി ദിനം വരെ നീളുന്ന ആഘോഷ പരിപാടികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നത്. അങ്കണക്കൂട്ടം, ഒരുങ്ങാം കുരുന്നുകൾക്കായ്, ഗൃഹാങ്കണസംഗമം, വീട്ടുമുറ്റത്തൊരു ഒത്തുചേരൽ, സസ്നേഹം തുടങ്ങി 12 ഓളം ആക്റ്റിവിറ്റികളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ പുതിയ അങ്കണവാടിയിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. കൂടാതെ സൂളിലേക്ക് പോകുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കൂടരഞ്ഞി: കാരാട്ടുപാറ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ നിർവഹിച്ചു. സോമനാഥൻ കുട്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. വത്സാ റോയി, ക്രിസ്റ്റീന കുര്യാക്കോസ്, ജിഷ, ജയിംസ് കൂട്ട്യാനി, അജിതകുമാരി, ഓമന സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. നവാഗതർക്ക് വരവേൽപ്പും പഠനം കഴിഞ്ഞവർക്ക് യാത്രയയപ്പും നടത്തി.
മുക്കം: കൊടിയത്തൂർ പഞ്ചായത്തിൽ അങ്കണവാടി പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. നവാഗതരെ സമ്മാനങ്ങളും പൂക്കളുമുൾപ്പെടെ നൽകി സ്വീകരിച്ചു. മാട്ടു മുറി അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷനായി. ആയിഷ ചേലപ്പുറത്ത്, ഷിഹാബ് മാട്ടു മുറി, ഐസിഡിഎസ് സൂപ്പർ വൈസർ ലിസ പ്രസംഗിച്ചു.
കൂടരഞ്ഞി: കേരള സർക്കാർ വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൂടരഞ്ഞി പഞ്ചായത്തിലെ 19 അങ്കണവാടികളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് തല പ്രവേശനോത്സവം പത്താം വാർഡ് പനക്കച്ചാൽ അങ്കണവാടിയിൽ വാർഡ് അംഗം ജോണി വാളിപ്ലക്കലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസിസ്, ഐസിഡിഎസ് സൂപ്പർവൈസർ പി.കെ. ഫസ്ലി, ജോസ് മഴുവഞ്ചേരി, ഷീബ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 14 വാർഡുകളിലായി 19 അങ്കണവാടികളിലും അതാത് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വളരെ വിപുലമായി പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചു.